ലയണല്‍ മെസ്സി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമായിരിക്കുമെന്ന് അര്‍ജന്റീന ഇതിഹാസ താരം മരിയോ കെംപസ്. അര്‍ജന്റീനയും മെസ്സിയും ഇല്ലാത്ത ലോകകപ്പ് മഹാദുരന്തം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1978 ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ രണ്ട് ഗോളടിക്കുകയും ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കുകയും ചെയ്ത താരമാണ് കെംപസ്.

‘അര്‍ജന്റീനയും മെസ്സിയും ഇല്ലാത്ത ലോകകപ്പ് ഒരു മഹാ ദുരന്തമായിരിക്കും’ – ഡിപോര്‍ട്ടിവോ സൂപ്പര്‍ റേഡിയോയുമായി സംസാരിക്കവെ 63-കാരനായ കെംപസ് പറഞ്ഞു. ‘മെസ്സിക്ക് ലോകകപ്പിന് പോകാന്‍ കഴിയുന്നില്ലെങ്കില്‍ അതില്‍ സന്തോഷിക്കുക ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമാവും. കാരണം, അങ്ങനെ വന്നാല്‍ മറഡോണയാണ് ഏറ്റവും മികച്ച കളിക്കാരന്‍ എന്ന് അവര്‍ക്ക് എല്ലാ കാലവും പറയാമല്ലോ.’

അര്‍ജന്റീന ടീമിലെ അംഗങ്ങള്‍ തമ്മില്‍ മാനസിക അകല്‍ച്ചയിലാണെന്ന ആരോപണം കെംപസ് നിഷേധിച്ചു. ‘ഒരു പരിചയവും ഇല്ലാത്ത കളിക്കാര്‍ ആദ്യമായി നിറഞ്ഞ ഗാലറിക്കു മുന്നില്‍ കളിക്കുമ്പോള്‍ അവര്‍ പേടിക്കുകയും മാനസിക പ്രശ്‌നം നേരിടുകയും ചെയ്‌തേക്കാം. പക്ഷേ, പരിചയ സമ്പന്നരായ ഈ കളിക്കാരില്‍ അങ്ങനെയാരു മാനസിക പ്രശ്‌നം ഇല്ല. സാംപോളി അര്‍ജന്റീനയുടെ രക്ഷകന്‍ എന്നാണ് പലരും വാഴ്ത്തിയിരുന്നത്. താന്‍ ശരിയായ രക്ഷകനാണെന്ന് തെളിയിക്കാന്‍ സാംപോളിക്കു മുന്നില്‍ 90 മിനുട്ടുണ്ട്.’

ക്ലബ്ബ് തലത്തില്‍ മെസ്സിയുടേതിന് സമാനമായ റോളില്‍ കളിക്കുന്നതിനാല്‍ ബാര്‍സലോണ താരത്തിനൊപ്പം കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന പൗളോ ഡിബാലയുടെ വാക്കുകള്‍ കെംപസ് ശരിവെച്ചു. ‘ഡിബാല പറഞ്ഞത് ശരിയാണ്. മെസ്സിയുടെ കൂടെ കളിക്കുക എന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും. മറ്റേതെങ്കിലും തരത്തില്‍ അത് മനസ്സിലാക്കുന്നവര്‍ വിഡ്ഢികളാവും.’ കെംപസ് പറഞ്ഞു.