വാസ്‌കോ : ഐഎസ്എല്‍ ഫുട്‌ബോളില്‍ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം ഇന്ന്. നോക്കൗട്ട് പ്രതീക്ഷയോടെ എത്തുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണു തിലക് മൈതാനില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. രാത്രി 7.30നാണ് കി‌ക്കോഫ്.

സമനില നേടിയാലും നോര്‍ത്ത് ഈസ്റ്റിനു പോയിന്റ് പട്ടികയിലെ 4-ാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിക്കാം. പരിശീലകനായി ഖാലിദ് ജമീല്‍ ചുമതലയേറ്റ ശേഷം മികച്ച ഫോമിലാണു ക്ലബ്. കഴിഞ്ഞ 8 കളികളില്‍ തോറ്റിട്ടില്ല.

അതേസമയം, ഈ സീസണില്‍ ലീഗിലെ കഴിഞ്ഞ 7 കളികളില്‍ ഒന്നില്‍പ്പോലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചിട്ടില്ല. ടീമിനു മറ്റു പ്രതീക്ഷകളൊന്നുമില്ലെങ്കിലും ഈ മത്സരത്തെ ഗൗരവമായാണു കാണുന്നതെന്ന് ഇടക്കാല പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിനെ വില കുറച്ചു കാണരുതെന്ന സന്ദേശമാണു ഖാലിദ് ജമീല്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കു നല്‍കിയത്. ജയിച്ചോ സമനില പിടിച്ചോ നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫിലെത്തിയാല്‍ ഖാലിദ് ജമീല്‍ ചരിത്രത്തില്‍ ഇടംനേടും. ഐഎസ്എല്‍ പ്ലേ ഓഫില്‍ ടീമിനെയെത്തിക്കുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനെന്ന റെക്കോര്‍ഡാണു ജമീല്‍ സ്വന്തമാക്കുക.