പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ മോശം പ്രകടനം തുടരുകയാണ് എങ്കിലും കേരളത്തിലെ ആരാധകരുടെ നിറഞ്ഞ പിന്തുണ ഇപ്പോഴും കേരള ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററില്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് ഒപ്പമാണ് കൊമ്പന്മാരുടെ സ്ഥാനം.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബ്ലാസ്റ്റേഴ്‌സിനെ ട്വിറ്റളില്‍ പിന്തുടരുന്നത് 1.8 ദശലക്ഷം പേരാണ്. മറ്റു ഇന്ത്യന്‍ ക്ലബുകള്‍ക്ക് സ്വപ്‌നം കാണാവുന്നതിലും മീതെയാണ് ഈ പിന്തുണ.

പ്രീമിയര്‍ ലീഗ് ക്ലബുകള്‍ മാത്രമാണ് ഇത്തരത്തില്‍ വലിയ ആരാധക പിന്തുണ ആസ്വദിക്കുന്നത്. എവര്‍ട്ടണെ 2.3 ദശലക്ഷം പേരാണ് പിന്തുടരുന്നത്. ടോട്ടന്‍ഹാം ഹോട്‌സ്പറിനെ 5.3 ദശലക്ഷം പേര്‍ ഫോളോ ചെയ്യുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി 8.8 ദശലക്ഷം, ചെല്‍സി 15.7 ദശലക്ഷം, ലിവര്‍പൂര്‍ 16 ദശലക്ഷം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 24 ദശലക്ഷം എന്നിങ്ങനെയാണ് ഇപിഎല്‍ ടീമുകളുടെ ഫോളോവേഴ്‌സിന്റെ എണ്ണം.

അതിനിടെ, ലീഗില്‍ ആറു കളികളില്‍ നിന്ന് മൂന്നു പോയിന്റുമായി ഒമ്പതാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ ഒരു കളി പോലും ജയിക്കാന്‍ കിബു വികുനയുടെ സംഘത്തനായിട്ടില്ല. മൂന്നു തോല്‍വിയും മൂന്നു സമനിലയുമാണ് സമ്പാദ്യം. 27ന് ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.