പുണെ: സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പുണെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. സി.കെ വിനീതാണ് കേരളത്തിന് വേണ്ടി വിജയ ഗോള്‍ നേടിയത്. ആവേശകരമായ മത്സരത്തില്‍ പുനെയുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു. മത്സരത്തിന്റെ 59ാം മിനിറ്റില്‍ ജാക്കീചന്ദ് സിംങ്ങാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല ചലിപ്പിച്ചത്.

 

78ാം മി്‌നിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സുബാസിഷ് റോയിയുടെ ഫൗളിന് റഫറി നല്‍കിയ പെനാല്‍റ്റിയിലാണ് പുണെയുടെ ഗോള്‍. കിക്കെടുത്ത എമിലിയാനോ അല്‍ഫാരോ പിഴവുകൂടാതെ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു

 

ആദ്യപകുതിയില്‍ പരിക്കേറ്റ് മടങ്ങിയ ഇയാന്‍ ഹ്യൂമിന് പകരക്കാരനായി ഇറങ്ങിയ ഗുഡ്യോണ്‍ ബാല്‍വിന്‍സണ്‍ നല്‍കിയ കൃത്യതയാര്‍ന്ന പാസിലാണ് ജാക്കീചന്ദ് പന്ത് വലയിലാക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം കൂടുതല്‍ ഉണര്‍ന്നു കളിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് സ്വന്തമാക്കിയത്.

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ബ്ലാസ്‌റ്റേഴ്‌സിന് സെമി ഉറപ്പിക്കാം.