കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉജ്ജ്വല തുടക്കമിട്ടു. സ്ലൊവേനിയിന്‍ താരം മാറ്റെജ് പോപ്ലാട്‌നിക് (76), സെര്‍ബിയന്‍ താരം സ്ലാവിസ സ്റ്റോജനോവിച് (86) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്.

ഗോളുകള്‍ വന്ന വഴി

ഒന്നാം ഗോള്‍: സ്ലോവേനിയന്‍ താരം മാറ്റെജ് പോപ്ലാട്‌നിക്കിന്റെ ഹെഡര്‍ ഗോളില്‍ എടികെയ്‌ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ലീഡ്. 76ാം മിനിറ്റിലാണ് പോപ്ലാട്‌നിക് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ സ്റ്റോജനോവിച്ച് തൊടുത്ത ഷോട്ട് എടികെ താരം ജേഴ്‌സന്റെ കാലില്‍ത്തട്ടി തെറിക്കുന്നു. ഓടിയെത്തിയ പോപ്ലാട്‌നിക് ഉയരം മുതലെടുത്ത് മികച്ചൊരു ഹെഡറിലൂടെ ലക്ഷ്യം കണ്ടു. സ്‌കോര്‍ 1-0

രണ്ടാം ഗോള്‍: പത്ത് മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് വര്‍ധിപ്പിക്കുന്നു. ആദ്യ ഗോളിനു വഴിയൊരുക്കിയ സ്റ്റോജനോവിച്ചാണ് ഇക്കുറി ലക്ഷ്യം കണ്ടത്. ഹാളിചരണ്‍ നര്‍സാരിയില്‍നിന്ന് കിട്ടിയ പന്തുമായി ജേഴ്‌സനെ കടന്നു മുന്നോട്ടു കയറി സെര്‍ബിയന്‍ താരം തൊടുത്ത പൊള്ളുന്ന ഷോട്ട്, എടികെ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയില്‍ സ്‌കോര്‍ 2-0.