കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് 21 ദിവസം തായ്ലാന്റില്‍ സന്നാഹമൊരുക്കും.നാളെ മുതല്‍ സെപ്തംബര്‍ 21 വരെയാണ് തായ്ലാന്റിലെ ഹുവാഹിനില്‍ ടീം പരിശീലനത്തിലേര്‍പ്പെടുക. ഇവിടെ പ്രാദേശിക ക്ലബ്ബുകളുമായി ടീം അഞ്ചു സന്നാഹ മത്സരങ്ങള്‍ കളിക്കും.

ഓഗസ്റ്റ് 18 മുതല്‍ രണ്ടാഴ്ച്ചയോളം കൊച്ചിയില്‍ പരിശീലനം നടത്തി തായ്ലാന്റിലേക്ക് പോവാനായിരുന്നു ടീം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രളയം കാരണം ഇത് നടന്നില്ല. തുടര്‍ന്ന് അഹമ്മദാബാദിലെ ട്രാന്‍സ്റ്റേഡിയയില്‍ തന്നെ ടീം പരിശീലനം തുടരുകയായിരുന്നു. നേരത്തെ ലാലിഗ പ്രീസീസണ്‍ ടൂര്‍ണമെന്റിന് മുമ്പും അഹമ്മദാബാദിലായിരുന്നു ടീമിന്റെ ഒരുക്കം.

ഐ.എസ്.എല്‍ മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്സ് തായ്ലാന്റില്‍ മുന്നൊരുക്കം നടത്തിയിരുന്നു. സ്റ്റീവ് കൊപ്പല്‍ പരിശീലിപ്പിച്ച ടീം സീസണില്‍ റണ്ണേഴ്സ് അപ്പാവുകയും ചെയ്തു. ബിഗ്ബാങ് ചുല യുഡൈറ്റഡ്, ബാങ്കോക്ക് യുണൈറ്റഡ്, സതേണ്‍ സമിറ്റി എന്നീ ക്ലബ്ബുകളുമായി കളിച്ച ബ്ലാസ്റ്റേഴ്സ് ഒരു മത്സരത്തിലാണ് വിജയിച്ചത്. മറ്റു രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇത്തവണ ഏതു ടീമുകളുമായാണ് കളിക്കുന്നതെന്ന കാര്യം മാനേജ്മെന്റ് പുറത്തു വിട്ടിട്ടില്ല.