ചെങ്ങന്നൂര്‍: കെവിന്‍ പി ജോസഫിന്റെ ദുരഭിമാനക്കൊല സംബന്ധിച്ച വാര്‍ത്തകള്‍ ജനങ്ങള്‍ കാണാതിരിക്കാനായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചെങ്ങന്നൂരിന്റെ വിവിധഭാഗങ്ങളില്‍ ചാനല്‍ കേബിളുകള്‍ കട്ട് ചെയ്യുന്നതായി ആരോപണംഉയരുന്നു. ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ചെങ്ങന്നൂരില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയാവുമോ എന്ന പേടിയാണ് കേബിള്‍ കട്ട് ചെയ്യുന്നതിന് കാരണം.

ഗ്രാമ പ്രദേശങ്ങളിലും നഗരസഭ പരിധിയില്‍ പെട്ട പല സ്ഥലങ്ങളിലും കേബിള്‍ സംവിധാനം തകരാറിലായതായാണ് വിവരം. കെവിന്റെ മരണത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തരത്തിലുള്ള ആരോപണം വരുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത് ഡി.വൈ.എഫ്.ഐ നേതാവാണെന്നാണ് പുറത്തുവരുന്ന വിവരം. പുനലൂര്‍ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയായ നിയാസാണ് വാഹനം ഓടിച്ചിരുന്നതെന്നും കൂടാതെ കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഗാന്ധി നഗര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. അതിനിടെ, സ്‌റ്റേഷനു മുന്നില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ കൊടി ഉപയോഗിച്ച് എസ്.പി മുഹമ്മദ് റാഫിയെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ നേതാക്കള്‍ ഇടപെട്ട് സംഘര്‍ഷം പരിഹരിക്കുകയായിരുന്നു.