ജയ്പുര്‍: യുപി സര്‍ക്കാരിന്റെ ക്രൂരതകള്‍ തുറന്ന് പറഞ്ഞ് ഡോ.കഫീല്‍ ഖാന്‍. ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു കഫീല്‍ ഖാന്റെ വെളിപ്പെടുത്തല്‍.

‘ആരോഗ്യ രംഗത്തെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഞാന്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി. അതു സര്‍ക്കാരിനെ ഭയപ്പെടുത്തി. രാജ്യത്തെ ആരോഗ്യ സംവിധാനം എങ്ങനെയാണ് തകര്‍ന്നതെന്ന് ഞാന്‍ ജനങ്ങളോടു പറയാന്‍ തുടങ്ങി. മാത്രമല്ല, ബിആര്‍ഡി മെഡിക്കല്‍ കോളജിലെ 70 കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തം അഴിമതിക്കാര്‍ക്കാണെന്നും. ഇതൊക്കെയാകാം എന്നെ ലക്ഷ്യമിടാന്‍ കാരണം’ അഭിമുഖത്തില്‍ കഫീല്‍ ഖാന്‍ പറഞ്ഞു.

ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന്‍ ഇപ്പോള്‍ രാജസ്ഥാനിലാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ജയ്പുരിലേക്കു താമസം മാറ്റിയതെന്നും ഉത്തര്‍പ്രദേശില്‍ ഇനിയും തുടര്‍ന്നാല്‍ യോഗി സര്‍ക്കാര്‍ തനിക്കെതിരെ വീണ്ടും വ്യാജകേസുണ്ടാക്കി ജയിലില്‍ അടയ്ക്കുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ ദേശ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി യുപി സര്‍ക്കാര്‍ ജയിലിലാക്കിയ കഫീല്‍ ഖാന് കഴിഞ്ഞ ദിവസമാണ് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അലിഗഢ് സര്‍വകലാശാലയില്‍ കഴിഞ്ഞ ഡിസംബര്‍ 12ന് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ജനുവരി 29 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു ഖാന്‍. എന്നാല്‍ ഈ പ്രസംഗത്തില്‍ അക്രമമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ലെന്നും ദേശീയ ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനമാണ് ഉള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍, ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജിലെ ദയനീയ സ്ഥിതി പുറത്തായതിനു തൊട്ടുപിന്നാലെയായിരുന്നു ഖാനെ ജയിലിലാക്കിയത്.

‘ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ് ജീവനോടെ ഇരിക്കുന്നത്. 2018 ജൂണ്‍ 10ന് രാത്രിയില്‍ ഗോരഖ്പുരില്‍ മുഖ്യമന്ത്രിയുടെ വീടിനു സമീപം എന്റെ സഹോദരന് വെടിയേറ്റു. മൂന്നു വെടിയുണ്ടകളായിരുന്നു ശരീരത്തില്‍ തറച്ചുകയറിയത്. എന്നാല്‍ അവരുടെ ലക്ഷ്യം ഞാനായിരുന്നു. ആളുമാറിയാണ് സഹോദരനെ ആക്രമിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഞാനും എന്റെ കുടുംബാംഗങ്ങളുമുണ്ടെന്ന് അറിയാം. എന്നെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.