ലക്‌നൗ: എട്ടുമാസത്തെ ജയില്‍വാസത്തിനു ശേഷം ജയിലില്‍ നിന്നിറങ്ങിയ ഡോക്ടര്‍ കഫീല്‍ഖാന്‍ തന്റെ മാതാവിനെ കാണുന്ന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. വികാരനിര്‍ഭരമായ രംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കഫീല്‍ഖാന്റെ മോചനം ആവശ്യപ്പെട്ട് മാതാവ് നുസ്ഹത്ത് പര്‍വീന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലാണ് അലഹബാദ് ഹൈകോടതിയുടെ ഉത്തരവുണ്ടായതും തുടര്‍ന്ന് ജാമ്യം ലഭിച്ചതും.

കഫീല്‍ഖാന് മേല്‍ ചുമത്തിയ ദേശ സുരക്ഷാ നിയമ പ്രകാരമുള്ള (എന്‍.എസ്.എ) കുറ്റവും കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി 15 ദിവസത്തിനകം തീര്‍പ്പാക്കാന്‍ അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അന്തിമവാദം നടന്നത്.

കഫീല്‍ ഖാന്റെ ജാമ്യ ഹര്‍ജി അലഹബാദ് ഹൈകോടതി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് മാതാവ് നുസ്ഹത്ത് പര്‍വീന്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്. കേസ് കേള്‍ക്കുന്നത് പത്തു ദിവസത്തേക്ക് വീണ്ടും നീട്ടിവെക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അലഹബാദ് ഹൈകോടതി ബെഞ്ച് കഴിഞ്ഞ വാദം കേള്‍ക്കലില്‍ 14 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.

ജനുവരി 29നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. അലിഗര്‍ മുസ്ലിം യൂനിവേഴ്സിറ്റിയില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രകോപനപരമായി സംസാരിച്ചു എന്നതാണ് അദ്ദേഹത്തിനുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ആഗസ്റ്റ് നാലിന് യു.പി ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവിലാണ് എന്‍.എസ്.എ ചുമത്താന്‍ തീരുമാനിച്ചത്.

അലിഗര്‍ ജില്ല മജിസ്ട്രേറ്റിന്റേയും യു.പിയിലെ പ്രത്യേക ഉപദേശക സമിതിയുടേയും നിര്‍ദേശ പ്രകാരമായിരുന്നു നടപടി. തുടര്‍ന്ന് മെയ് ആറിന് തടവ് മൂന്നുമാസം കൂടി നീട്ടി. യു.പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലാണ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തടവ് നീട്ടിയത്.

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളജില്‍ 2017 ല്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം നിരവധി കുട്ടികള്‍ മരിച്ചിരുന്നു. അന്ന് സ്വന്തം ചിലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ചത് കഫീല്‍ഖാനാണ്. ഈ സംഭവത്തിന് ശേഷമാണ് സര്‍ക്കാറിന്റെ പ്രതിഛായ മോശമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കഫീല്‍ഖാനെതിരെ യോഗി ആദിത്യ നാഥ് സര്‍ക്കാര പ്രതികാര നടപടികള്‍ ആരംഭിച്ചത്.

watch video:

डॉक्टर कफील खान की जेल से आने के बाद पहली बार अपनी माँ और बेटी से पहली मुलाक़ात ।

Posted by Drkafeelkhan on Wednesday, September 2, 2020