വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കി മരുമകനും വൈറ്റ് ഹൗസ് സീനിയര്‍ ഉപദേഷ്ടാവുമായ ജെറാദ് കുഷ്‌നറുടെ അര്‍ധസഹോദരി എതിര്‍ സ്ഥാനാര്‍ത്ഥിക്കു വേണ്ടി രംഗത്ത്. സൂപ്പര്‍ മോഡല്‍ കൂടിയായ കാര്‍ലി ക്ലോസ് ആണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനു വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്.

വ്യാഴാഴ്ച നടക്കുന്ന ബൈഡന്റെ പ്രചാരണത്തില്‍ ക്ലോസ് പങ്കെടുക്കും. സ്ത്രീകളും വിദ്യാഭ്യാസവും എന്ന ക്യാംപയിനില്‍ ഗേള്‍സ് ഹു കോഡ് സംഘടനയുടെ സ്ഥാപക രേഷ്മ സൗജാനിയുടെ കൂടെയാണ് ഇവര്‍ സംസാരിക്കുന്നത്. ഗുജറാത്തി വംശജയാണ് അഭിഭാഷകയായ രേഷ്മ.

കാര്‍ലി ക്ലോസും ഭര്‍ത്താവ് ജോഷ്വ കുഷ്നറും

ഏഴു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 2018ലാണ് കുഷ്‌നറുടെ സഹോദരന്‍ ജോഷ്വ കുഷ്‌നര്‍ ഇവരെ വിവാഹം കഴിച്ചത്. മുന്‍ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണു വേണ്ടി ഇവര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ട്രംപിന്റെ നയങ്ങളുടെ വിമര്‍ശനകനാണ് ജോഷ്വ കുഷ്‌നര്‍. ട്രംപിനെതിരെയുള്ള നിരവധി പ്രതിഷേധങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.

2016ലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു ചെയ്തത് എന്നും 2020ലും വോട്ട് അവര്‍ക്കു തന്നെയാണ് എന്നും ഒരഭിമുഖത്തില്‍ കാര്‍ലി ക്ലോസ് വ്യക്തമാക്കിയിരുന്നു.