തൃശൂര്‍: കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ യുവതിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ (26) തൃശൂര്‍ വനമേഖലയില്‍വച്ച് പിടികൂടി.

പേരാമംഗലം പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍പ്പെട്ട അയ്യന്‍കുന്ന് എന്ന സ്ഥലത്ത് വച്ച് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ രാത്രി കൊച്ചിയിലെത്തിക്കും.

ഏപ്രില്‍ 8 നാണ് മാര്‍ട്ടിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശിനി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ്, മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്‌ലാറ്റ് ഒഴിവാക്കി മാര്‍ട്ടിന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.