കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടബലാത്സംഗത്തിരയാക്കിയ എട്ടാംക്ലാസ്സുകാരി ഒന്നരമാസം ഗര്‍ഭിണിയെന്ന് ആശുപത്രി അധികൃതര്‍. അമ്മയുടെ മരണത്തോടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി.

പെണ്‍കുട്ടിയുടെ വീടിനടുത്തായി താമസിച്ചിരുന്ന പ്രതികള്‍ പെണ്‍കുട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ബന്ധുക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു.

വിഷാദ രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായി ഡോക്ടര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്. സംഭവം അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെ മൂന്ന് യുപി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

യുപി റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര 1 സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റു മൂന്നു പ്രതികളും അതിഥിത്തൊഴിലാളികളാണ്. പോക്‌സോ നിയമപ്രകാരമാണു കേസ്.