മുംബൈ: വിരാട് കോഹ്ലിയുടെയും ഓപ്പണര്‍ മുരളി വിജയ് യുടെയും സെഞ്ച്വറികളുടെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴിന് 451 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്ക് 51 റണ്‍സ് ലീഡായി. വിരാട് കോഹ്ലിയും ജയന്ത് യാദവുമാണ് ക്രീസില്‍. മുരളി വിജയ് 136 റണ്‍സെടുത്തപ്പോള്‍ കോഹ്ലി 147 റണ്‍സുമായി പുറത്താകാതെ നിന്നു. 282 പന്തില്‍ നിന്ന് പത്ത് ഫോറും മൂന്നു സിക്‌സറും അടങ്ങുന്നതായിരുന്നു വിജയ്‌യുടെ ഇന്നിങ്‌സ്.

എന്നാല്‍ കോഹ്ലി 241 പന്തില്‍ നിന്ന് പതിനേഴ് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 147 റണ്‍സ് നേടിയത്. കോഹ്ലിയുടെ 15ാം സെഞ്ച്വറിയാണിത്. പൂജാര 47 റണ്‍സെടുത്തു പുറത്തായി. എന്നാല്‍ കരുണ്‍ നായര്‍(13)പാര്‍ത്ഥിവ് പട്ടേല്‍(15) ജദേജ(25) രവിചന്ദ്ര അശ്വിന്‍(0) എന്നിവര്‍ തിളങ്ങാതെ പോയത് ക്ഷീണമായി. മൂന്നാം ദിനം വിക്കറ്റുകള്‍ മുഴുവന്‍ വീണുപോകുമെന്ന് തോന്നിച്ചെങ്കിലും ജയന്ത് യാദവ് പിടിച്ചുനിന്നു.

30 റണ്‍സുമായി യാദവാണ് കോഹ്ലിക്ക് കൂട്ട്. ഇംഗ്ലണ്ടിന് വേണ്ടി മുഇന്‍ അലിയും ആദില്‍ റാഷിദും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 400 റണ്‍സിന് അവസാനിച്ചു. അശ്വിന്‍ ആറു വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ ജെന്നിങ്‌സന്റെ സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലണ്ട് 400 റണ്‍സ് നേടിയത്.