കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും വാഹനാപകടം. ജനകൂട്ടത്തിനിടയിലേക്ക് ബസ് ഓടിച്ചു കയറ്റിയുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ബസുകള്‍ക്ക് നേരെ ആക്രമണം നടത്തി.
ഇന്നലെ രാവിലെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. തിരക്കേറിയ കിഴക്കന്‍ മെട്രോപൊളിറ്റന്‍ ബൈപ്പാസിലെ ചിന്‍ഗ്രിഗാട്ടയിലാണ് അപകടം. സഞ്ജയ് ബോനു, ബിസ്്ജിത്ത് ഭുനിയ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടം നടന്നയുടനെ ബസ് ഡ്രൈവര്‍ ഓടി രക്ഷപെട്ടു. സിഗ്നല്‍ മറികടന്നു വന്ന ബസ് ആണ് അപകടം വരുത്തി വച്ചത്.

അപകടം നടന്നതോടെ ജനക്കൂട്ടം അക്രമാസക്തമാകുകയായിരുന്നു. തുടര്‍ന്ന് ആ വഴി കടന്നു പോയ ബസുകള്‍ ജനം അടിച്ചു തകര്‍ത്തു. നാല് ബസുകള്‍ അഗ്നിക്കിരയാക്കി. പൊലീസ് വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തി. പൊലീസിന്റെ ഭാഗത്തെ അലസതയാണ് വാഹനാപകടങ്ങള്‍ക്ക് കാരണമെന്ന് ജനങ്ങള്‍ ആരോപിച്ചു. ട്രാഫിക് നിയന്ത്രിക്കുന്നതില്‍ പൊലീസ് അലംഭാവം കാട്ടുകയാണെന്നും പൊലീസിന്റെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്നുമാണ് ആരോപണം.