അബുദാബി: ഐപിഎല്ലിലെ 24 ാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ രണ്ട് റണ്‍സിന് കൊല്‍ക്കത്ത നെറ്റ് റെഡേഴ്‌സ് തോല്‍പ്പിച്ചു. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ ലക്ഷ്യത്തിലേക്കുള്ള ദൂരം താണ്ടാന്‍ പഞ്ചാബിനായില്ല. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും മായങ്ക് അഗര്‍വാളിന്റെയും സെഞ്ചുറി കൂട്ടുകെട്ടിന്റെ മികവില്‍ ജയത്തിനരികെ എത്തിയ പഞ്ചാബ്, അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

പഞ്ചാബിനായി കെ.എല്‍. രാഹുല്‍ 74 റണ്‍സും മായങ്ക് അഗര്‍വാള്‍ 56 റണ്‍സുമെടുത്തു. കൊല്‍ക്കത്തയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും, സുനില്‍ നരെയ്ന്‍ രണ്ടും വിക്കറ്റെടുത്തു.

നേരത്തെ, കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് (58 റണ്‍സ്), ശുഭ്മാന്‍ ഗില്‍ (57), ഒയിന്‍ മോര്‍ഗന്‍ (24) എന്നിവരുടെ ബാറ്റിങ് മികവാണ് കൊല്‍ക്കത്തയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.