തിരുവനന്തപുരം: ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. തൊഴിലാളി സംഘടനാ നേതാക്കള്‍ ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് സമരം മാറ്റിവെക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

തൊഴിലാളികളുടെ ആവശ്യങ്ങളില്‍ ഒരു പരിധിവരെ ധാരണയായതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണ ചര്‍ച്ച ഈ മാസം അവസാനം പുനരാരംഭിക്കും. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം എന്ന ആവശ്യത്തില്‍ സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കുന്നത് എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത സെക്രട്ടറി നിര്‍ദേശിച്ച ഡ്യൂട്ടി പരിഷ്‌കരണം ഈ മാസം 21 മുതല്‍ നടപ്പാക്കും. ശബരിമലയിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി കഴിഞ്ഞ് പഴയ സമയക്രമത്തിലേക്ക് തൊഴിലാളികള്‍ മടങ്ങിവരും വരെ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.