തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിനെതിരെ വിജിലന്‍സില്‍ രണ്ട് പരാതികള്‍. ഹജ്ജ് വളന്റിയര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നതായും കുടുംബശ്രീയില്‍ നടത്തിയ നിയമനങ്ങളില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നതായും ആരോപിച്ചാണ് പരാതികള്‍. കുടുംബശ്രീയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിജിലന്‍സ് ഡയര്‍ക്ടര്‍ക്ക് പരാതി നല്‍കി. ക്രമക്കേട് വ്യക്തമാക്കുന്ന മുന്‍ കുടുംബശ്രീ ഡയറക്ടര്‍ എന്‍.കെ ജയയുടെ ശബ്ദരേഖയും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.
കുടുംബശ്രീയില്‍ 3000 മുതല്‍ 80,000 രൂപവരെ മാസശമ്പളമുള്ള മുന്നൂറോളം തസ്തികകളില്‍ നടന്ന നിയമനമാണ് സംശയത്തിന്റെ നിഴലിലായത്. വിവിധ സെന്ററുകളില്‍ നടന്ന പരീക്ഷയില്‍ 9000 ഓളം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. ശമ്പളവും യോഗ്യതയും പദവിയും വ്യത്യസ്തമായിട്ടും ഒരേ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചാണ് എല്ലാ തസ്തികകളിലേക്കും പരീക്ഷ നടത്തിയത്. പരീക്ഷ കഴിഞ്ഞയുടന്‍ ഹാള്‍ ടിക്കറ്റും ചോദ്യപ്പേപ്പറും തിരിച്ചുവാങ്ങുകയും ചെയ്തു. പരീക്ഷയില്‍ ക്രമക്കേട് നടത്തുന്നതിനാണ് ഇതെല്ലാം ചെയ്തിട്ടുള്ളതെന്ന് യൂത്ത്‌ലീഗ് ആരോപിച്ചു.
ഹജ്ജ് വളന്റിയര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് വിജിലന്‍സിന് നല്‍കിയ മറ്റൊരു പരാതി. വോളണ്ടിയറായി സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നതില്‍ സ്വജനപക്ഷപാതം നടന്നതായി മലപ്പുറം ജില്ലാ ജനകീയ ആക്ഷന്‍ കമ്മിറ്റി മലപ്പുറം വിജിലന്‍സ് ഡിവൈ.എസ.്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വോളണ്ടിയര്‍മാരെ നിയമിക്കുന്നതിന് 2017 മെയില്‍ മലപ്പുറം കലക്ടറേറ്റ് ചുമതലപ്പെടുത്തിയ എട്ടംഗ ഇന്റര്‍വ്യൂ ബോര്‍ഡിനെ മറികടന്ന് പുതിയ മൂന്നംഗ ഇന്റര്‍വ്യൂ ബോര്‍ഡിനെ സര്‍ക്കാര്‍ ഉത്തരവിലൂടെ നിയമിച്ചു. ഇത് കെ.ടി ജലീലിന്റെ വ്യക്തി താല്‍പര്യം സംരക്ഷിക്കുന്നതിനായാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ കെ.പി.എസ് ആബിദ് തങ്ങള്‍, മുസ്തഫ പരതക്കാട്, പി.കെ അബ്ദുല്‍അസീസ്, ചാലില്‍ ഇസ്മായില്‍ എന്നിവര്‍ പറയുന്നു.