കോഴിക്കോട്: തലയില്‍ മുണ്ടിട്ട് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായി മാധ്യമങ്ങളെ കാണാതെ മുങ്ങിയതിന്റെ ജാള്യത മറക്കാന്‍ പുതിയ ഇന്റര്‍വ്യൂ നാടകവുമായി മന്ത്രി കെ.ടി ജലീല്‍. സിപിഎം സൈബര്‍ പോരാളിയായ മാധ്യമപ്രവര്‍ത്തകക്കാണ് ജലീല്‍ ഇന്റര്‍വ്യൂ കൊടുത്തത്. ജലീലിനെ തുടക്കം മുതല്‍ ന്യായീകരിച്ച് രംഗത്തുള്ള വ്യക്തിയാണ് ഈ മാധ്യമപ്രവര്‍ത്തക. ജലീലിനെ പൂര്‍ണമായും രക്ഷപ്പെടുത്തി എടുക്കുന്ന തരത്തില്‍ അദ്ദേഹത്തെ തീരെ പരിക്കേല്‍പ്പിക്കാതിരിക്കാന്‍ വളരെ സൂക്ഷമത പുലര്‍ത്തുന്ന ഇന്റര്‍വ്യൂ ആണ് ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് എന്തൊക്കെ വിവരങ്ങളാണ് തേടിയത് എന്ന ചോദ്യത്തിന് തന്റെ സ്വത്തുവിവരങ്ങളെ കുറിച്ച് മാത്രമാണ് ഇഡി ചോദിച്ചതെന്ന നിഷ്‌കളങ്കമായ മറുപടിയാണ് ജലീല്‍ നല്‍കുന്നത്. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വന്നതിനെ കുറിച്ചും പെരുന്നാള്‍ കിറ്റിനെ കുറിച്ചും ചോദിച്ചെന്നും എന്നാല്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് ഒന്നും ചോദിച്ചില്ലെന്നും ജലീല്‍ പറയുന്നുണ്ട്. വളരെ സൗഹാര്‍ദപരമായി ജലീലിന് പറയാനുള്ളതെല്ലാം പറയാനുള്ള അവസരമൊരുക്കുകയാണ് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തക ചെയ്തത്. അതേസമയം ജലീലിനെ ക്രോസ് ചെക്ക് ചെയ്യുന്ന ഒന്നും ചോദിക്കുന്നില്ല.

അതിനിടെ മാധ്യമങ്ങളെ പരസ്യമായി വിമര്‍ശിച്ച് ജലീല്‍ ഇന്ന് രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മനസ്സില്ലെന്ന് മന്ത്രി പറഞ്ഞത്. മാധ്യമങ്ങള്‍ തന്റെ പേരില്‍ കളവ് പ്രചരിപ്പിക്കുകയാണെന്നും അത്തരക്കാരോട് സംസാരിക്കാനില്ലെന്നും മന്ത്രി പറയുന്നു. ഈച്ച പാറിയാല്‍ തങ്ങള്‍ അറിയുമെന്ന് അഹങ്കരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് തന്നെ ചോദ്യം ചെയ്ത വിവരം അറിയാതിരുന്നതെന്നും ജലീല്‍ പറഞ്ഞു.