തിരുവനന്തപുരം: കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹറക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
തിരുവനന്തപുരം വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി മഹേഷ്ദാസിനാണ് അന്വേഷണ ചുമതല. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പി.കെ ഫിറോസില്‍ നിന്നും മൊഴിയെടുത്തു. കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. കുടുംബശ്രീ ഡയരക്ടര്‍ എന്‍.കെ ജയ ഉദ്യോഗാര്‍ത്ഥിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് അദ്ദേഹം അന്വേഷണ സംഘത്തിന് നല്‍കി. മന്ത്രിയും മന്ത്രിയുടെ ഓഫീസും െ്രെപവറ്റ് സെക്രട്ടറി സന്തോഷും ഹരികിഷോര്‍ ഐ.എ.എസും നിയമനകാര്യത്തില്‍ അവിഹിതമായി ഇടപെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് ഓഡിയോ ടേപ്പ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാതെ നിയമനം ലഭിച്ച എന്‍.കെ. റിയാസ്, സി.എസ് പ്രവീണ്‍ എന്നിവരുടെ നിയമനത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച രേഖകളും ഫിറോസ് അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്.
ഇനി കുടുംബശ്രീ ഡയരക്ടര്‍ എന്‍.കെ ജയ, ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുക്കും. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് 20 ദിവസത്തിനകം നല്‍കണം. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കണമോ എന്നതില്‍ വിജിലന്‍സ് അന്തിമതീരുമാനമെടുക്കുക. പി.കെ ഫിറോസ് പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.
അതേസമയം ഭരണസ്വാധീനമുപയോഗിച്ച് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടായാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പി.കെ ഫിറോസ് പറഞ്ഞു.
Be the first to write a comment.