കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ പോലീസ് കാട്ടിയ അനാസ്ഥയില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു. രണ്ടു മാസം മുമ്പാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ക്രൂരമായി ലൈംഗികപീഢനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും പോലീസ് അന്വേഷണത്തില്‍ അലഭാവം കാണിക്കുകയായിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ കുട്ടിയുടെ ബന്ധുവിനെ അറസ്റ്റുചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, കുട്ടിയുടെ മൃതദേഹത്തിനൊപ്പം കിട്ടിയ ആത്മഹത്യാകുറിപ്പ് പുറത്തുവന്നു. വീട്ടില്‍ മനസ്സമാധാനമില്ലെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. തന്റെ മരണത്തിന് ഉത്തരവാദി ആരുമല്ലെന്നും പറഞ്ഞിരിക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്.

ജനുവരി 15നാണ് കുട്ടി വീട്ടിലെ ജനല്‍വാതിലില്‍ തൂങ്ങിമരിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ 22 മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ നിരന്തരമായി ലൈംഗിക പീഢനത്തിനും ഇരയായിട്ടുണ്ട്. ഇത് കൊലപാതകത്തിലേക്കും നയിക്കുന്ന സൂചനകളാണ്. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഇത്രയും ഗുരുതരമായ പ്രശ്‌നങ്ങള്‍ കാണിച്ചിട്ടും പോലീസ് അന്വേഷണത്തിന് സഹകരിച്ചില്ല. കുട്ടിയുടെ അച്ഛന്‍ പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങിയിട്ടും കാര്യമുണ്ടായില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൊല്ലം റൂറല്‍ എസ്.പിക്കും കുണ്ടറ സിഐക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്തിരുന്നില്ല. പിന്നീട് വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തെത്തുകയായിരുന്നു. ഇപ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കുണ്ടറ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്.