കൊല്ലം: കുണ്ടറയില്‍ 10വയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പെണ്‍കുട്ടിയെ പീഢിപ്പിച്ചത് കുട്ടിയുടെ മുത്തച്ഛനാണെന്ന് പോലീസ് പറഞ്ഞു. മുത്തച്ഛന്‍ വിക്ടറിന്റെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന ഇയാള്‍ ഒരു ലോഡ്ജിന്റെ മാനേജരാണിപ്പോള്‍.
പ്രതിയെക്കുറിച്ച് കൂടുതല്‍ സൂചന ലഭിച്ചിട്ടും പ്രതിയുടെ അറസ്റ്റ് നടന്നിട്ടില്ല. അന്വേഷണ സംഘത്തില്‍ ഉടലെടുത്ത ഭിന്നതയാണ് ഇതിന് കാരണമെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തണമെന്ന നിലപാടിലാണ് എസ്.പി. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കട്ടെയെന്നുള്ള നിലപാടിലാണ് ഡി.വൈ.എസ്.പിയുള്ളത്. എന്നാല്‍ ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കുട്ടിയയുടെ അമ്മ സഹകരിച്ചിരുന്നില്ല. പിന്നീട് ഇവര്‍ സഹകരിച്ചതോടെയാണ് മരണത്തിലെ ദുരൂഹതകള്‍ നീങ്ങുന്നത്. മരിക്കുന്നതിന് മൂന്നുദിവസം മുമ്പുവരെ കുട്ടി പ്രകൃതിവിരുദ്ധ പീഢനത്തിനുള്‍പ്പെടെ ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ ജനുവരി 15-നാണ് പെണ്‍കുട്ടി വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിമരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഢനത്തിന് ഇരയായിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ കേസില്‍ പോലീസ് അലംഭാവം കാണിക്കുകയായിരുന്നു. രണ്ട് മാസങ്ങള്‍ക്കിപ്പുറം സംഭവം വിവാദമായതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
Be the first to write a comment.