ലാലിഗ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളത് കേരളത്തില്‍ നിന്നാണെന്ന് ലാലിഗ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ ഹോസെ അന്റോണിയോ. മത്സരങ്ങള്‍ തത്സമയം കാണുന്നവരില്‍ 23 ശതമാനവും കേരളത്തില്‍ നിന്നാണ്. ലാലിഗയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 15 വര്‍ഷമായി ലാലിഗ ക്ലബ്ബുകള്‍ യൂറോപ്യന്‍ ഫുട്ബാള്‍ ലീഗിന്റെ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിക്കാനായതില്‍ കേരളത്തിന്റെ സംഭാവന വലുതാണ്. അഞ്ച് വര്‍ഷമായി കേരളത്തിലെ പ്രേക്ഷരുടെ എണ്ണം കൂടിവരികയാണ്. ലാലിഗ ഇന്ത്യയില്‍ വന്നതിന് പിന്നാലെ രാജ്യത്ത് മുപ്പതിലധികം അക്കാദമികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തോടെ പ്രതീക്ഷിച്ച ഫലമുണ്ടാവാത്തതിനാല്‍ ഇവയെല്ലാം പൂട്ടി. അക്കാദമികള്‍ വീണ്ടും പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ വനിതാ ഫുട്ബാള്‍ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. നിരവധി മത്സരങ്ങള്‍ നടത്തുന്നു. വമ്പന്‍ ക്ലബ്ബുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇന്ത്യയിലും ലാലിഗ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.