മാഡ്രിഡ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരെ പ്രതിഷേധവുമായി വനിതാതാരം. മറഡോണ ബലാത്സംഗ കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാന്‍ തന്നെ കിട്ടില്ലെന്നും പറഞ്ഞാണ് സ്പാനിഷ് വനിതാ ഫുട്‌ബോള്‍ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്. ഒരു ഫുട്‌ബോള്‍ മത്സരത്തിനു മുന്‍പ് ഇരു ടീമുകളിലെയും താരങ്ങള്‍ മൗനാചരണം നടത്തിയപ്പോള്‍ അതേ നിരയില്‍ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്.

വിയാജെസ് ഇന്റെരിയാസ് ഡിപോര്‍ടീവോ അബന്‍ക്ക മത്സരത്തിനു മുന്നോടിയായാണ് സംഭവം നടന്നത്. വിയാജെസിന്റെ താരമാണ് 24കാരിയായ ഡപെന. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഇരു ടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ ഒരു നിമിഷം മൗനമായി നിന്നു. എന്നാല്‍ ഡപെന ഇതിനു തയ്യാറായില്ല. ടീം അംഗങ്ങള്‍ നിരന്നു നില്‍ക്കുമ്പോള്‍ താരം തിരിഞ്ഞ് നിലത്തിരിക്കുകയായിരുന്നു.

‘ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന, സാമാന്യ മര്യാദ ജീവിതത്തില്‍ ഒട്ടും പുലര്‍ത്താത്ത ഒരാള്‍ക്ക് വേണ്ടി മൗനം ആചരിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവര്‍ക്കായി ഒരു മിനിട്ട് മൗനമാചരിക്കാന്‍ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആര്‍ക്കും തോന്നുന്നില്ല. എന്നാല്‍ പീഡിപ്പിച്ച ആള്‍ക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ സാധിക്കുന്നില്ല’. ഡപെന വ്യക്തമാക്കി.
എന്നാല്‍ ഇപ്പോള്‍ ഡപെനയ്ക്ക് നേരെ വധഭീഷണി വരെ ഉയര്‍ന്നിരിക്കുകയാണ്. ഡപെന തന്നെയാണ് തനിക്ക് വധഭീഷണി ഉണ്ടെന്ന് അറിയിച്ചത്.