തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പ്രിന്‍സിപ്പല്‍ പദവി സംബന്ധിച്ച് മാനേജ്‌മെന്റുമായി ഒത്തുതീര്‍പ്പിലെത്തിയ എസ്.എഫ്.ഐ തിരുവനന്തപുരം ലോ അക്കാദമി സമരത്തില്‍ നിന്ന് പിന്മാറി. ലോ അക്കാദമി പ്രിന്‍സിപ്പാല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്താമെന്ന് മാനേജ്‌മെന്റ്‌ അറിയിച്ചതോടെയാണ് എസ്.എഫ്.ഐ നേതൃത്വം സമരത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസുള്‍പ്പെടെയുള്ളവരാണ് സമരം പിന്‍വലിക്കുമെന്ന് അറിയിച്ചത്.

എന്നാല്‍ എം.എസ്.എഫ്‌, കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രിന്‍സിപ്പല്‍ രാജിവെച്ചൊഴിയും വരെ സമരം തുടരാനാണ് എം.എസ്.എഫ്, കെ.എസ്.യു തുടങ്ങിയ സമര രംഗത്തുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് കെ.എസ്.യു വ്യക്തമാക്കി.

17 ആവശ്യങ്ങളാണ് എസ്.എഫ്.ഐ മുന്നോട്ട് വെച്ചതെന്നും ഈ ആവശ്യങ്ങളെല്ലാം കോളേജ് മാനേജ്‌മെന്റ് അംഗീകരിച്ചുവെന്നുമാണ് എസ്.എഫ്.ഐയുടെ വാദം. ലക്ഷ്മി നായരെ പ്രിന്‍സിപ്പാല്‍ സ്ഥാനത്തുനിന്ന് അഞ്ചുവര്‍ഷത്തേക്ക് മാറ്റി നിര്‍ത്തുമെന്ന് മാനേജ്‌മെന്റ്് ഉറപ്പുനല്‍കിയെന്ന് അവര്‍ പറയുന്നു. വൈസ് പ്രിന്‍സിപ്പാല്‍ മാധവന്‍ പോറ്റിക്കായിരിക്കും ചുമതലയുണ്ടായിരിക്കുക. ഇത് സംബന്ധിച്ച് മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പുനല്‍കിയെന്നും അവര്‍ അറിയിച്ചു. സമരവുമായി ബന്ധപ്പട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കില്ല. അക്കാദമിയില്‍ അഞ്ചു വര്‍ഷത്തേക്ക് ഫാക്കല്‍റ്റിയായും ലക്ഷ്മി നായരെ പ്രവേശിപ്പിക്കില്ല. കൂടാതെ എല്ലാ മാസവും അറ്റന്‍ഡന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയെന്നും എ്‌സ്.എഫ്.ഐ പറഞ്ഞു.