നായയെ ഓടിച്ചു കൊണ്ടു വന്ന പുള്ളിപ്പുലി ശുചിമുറിയില്‍ കുടുങ്ങിയത് ഒമ്പത് മണിക്കൂര്‍. ദക്ഷിണ കര്‍ണാടകയിലെ ബിലിനെല ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം.

പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് എത്തിയ വീട്ടുടമസ്ഥ ശുചിമുറിക്കുള്ളില്‍ പുള്ളിപ്പുലിയുടെ വാല്‍ കാണുകയായിരുന്നു. ഇതോടെ ഭയന്ന യുവതി ശുചിമുറി പുറത്തു നിന്ന് പൂട്ടി. പിന്നീട് വനംവകു്പ്പില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് കൂടെ ഒരു നായ കൂടി ഉള്ളതായി വ്യക്തമായത്. ശുചിമുറിക്ക് മുകളിലൂടെ എടുത്ത ചിത്രത്തില്‍ ഒരു വശത്ത് നായയും മറുവശത്ത് പുള്ളിപ്പുലിയും ഇരിക്കുന്നതായി കണ്ടു.

ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശുചിമുറിക്ക് വെളിയില്‍ കൂട് സ്ഥാപിക്കുകയായിരുന്നു. ഇതോടെ ശുചിമുറിയിലേക്കുള്ള എല്ലാ വഴികളും അടച്ച ശേഷം ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് ഒരു ചെറിയ ദ്വാരം ഉണ്ടാക്കി പുലിയെ പ്രകോപിപ്പിച്ച് പുറത്ത് ചാടിക്കുകയായിരുന്നു. പുറത്ത് സ്ഥാപിച്ച കൂട്ടിലേക്കാണ് പുള്ളിപ്പുലി ചാടിക്കയറിയത്. പുലിയെ പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ടു. ഇതിന് പിന്നാലെ ശുചിമുറിയുടെ വാതില്‍ തുറന്നതോടെ നായ പുറത്ത് വരുകയായിരുന്നു.