അമ്മയും മകനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ കൊല്ലം ഇടമുളക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു ജയം. അമ്മയും മകനും പരാജയപ്പെട്ടു. ഇടമുളക്കല്‍ പഞ്ചായത്ത് പനച്ചവിള വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം. ബുഹാരി ആണ് 82 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ യുഡിഎഫ് മൂന്നാമതായിരുന്നു.

അമ്മയും മകനും നേര്‍ക്കുനേര്‍ മത്സരരംഗത്തിറങ്ങിയതുകൊണ്ട് ശ്രദ്ധേയമായിരുന്നു പഞ്ചായത്തിലെ ഏഴാം വാര്‍ഡ്. നച്ചിവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മ്മ ദേവരാജനും മകന്‍ ദിനുരാജുമാണ് നേര്‍ക്കുനേര്‍ മത്സരിച്ചത്. സുധര്‍മ്മ എന്‍ഡിഎ സ്ഥാനാര്‍ഥിയായും ദിനുരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായുമാണ് ജനവിധി തേടിയത്.

കഴിഞ്ഞ തവണയും ഇവിടെ സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പോരാട്ടം. സുധര്‍മ്മ തന്നെയായിരുന്നു അന്നും ബിജെപിക്കുവേണ്ടി മത്സരിച്ചത്. കടുത്ത പോരാട്ടം കാഴ്ചവെച്ച സുധര്‍മ്മ നേരിയ വോട്ടുകള്‍ക്കു മാത്രമാണ് പരാജയപ്പെട്ടത്.