ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 18കാരിയെ അയല്‍വാസി കുത്തിക്കൊന്നു. പെണ്‍കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലാണ് എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ബല്ലിയയിലാണ് സംഭവം. റിതിക എന്ന പെണ്‍കുട്ടിയെ സയ്യിദ് അലി എന്ന യുവാവാണ് കൊലപ്പെടുത്തിയത്. വിളവെടുപ്പിന് കൂട്ടുകാര്‍ക്ക് ഒപ്പം പാടത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. പാടത്ത് കത്തിയുമായി നിന്ന യുവാവ് റിതികയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച ശേഷം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. നവംബര്‍ 12 നാണ് പ്രതി ഗ്രാമത്തില്‍ മടങ്ങിയെത്തിയത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ യുവാവിനോട് പെണ്‍കുട്ടി അടുപ്പം കാണിക്കാതെയായി. 18കാരിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.