മദീന: മദീന പ്രവിശ്യയില്‍ വിവിധ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയ ഏഴ് ബില്യണ്‍ റിയാലിന്റെ വികസന പദ്ധതികള്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. മദീന ഗവര്‍ണറേറ്റ് പാലസില്‍ നഗരവാസികള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ വെച്ചാണ് പദ്ധതികള്‍ രാജാവ് ഉദ്ഘാടനം ചെയ്തത്. വൈദ്യുതി, ജല, കൃഷി, വിദ്യാഭ്യാസ, ഗതാഗത മേഖലകളില്‍ ആകെ 719,35,15,450 റിയാല്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ 21 പദ്ധതികളാണ് രാജാവ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

മദീനക്ക് കിഴക്ക് അഞ്ച് ലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള ജലസംഭരണി, പ്രതിദിനം 600 ടണ്‍ ഉല്‍പാദന ശേഷിയുള്ള മദീനയിലെ രണ്ടാമത്തെ മൈദ മില്‍, മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ വിവിധ പദ്ധതികള്‍, അമീര്‍ നായിഫ് റോഡും മദീന-യാമ്പു എക്‌സ്പ്രസ്‌വേയും സന്ധിക്കുന്ന ഭാഗത്തെ ഇന്റര്‍സെക്ഷന്‍, മദീന-അല്‍ഉല-തബൂക്ക് എക്‌സ്പ്രസ്‌വേ ഒന്നും രണ്ടം ഘട്ടങ്ങള്‍, യാമ്പു തുറമുഖ വികസനം, കിംഗ് ഫഹദ് സീപോര്‍ട്ട് വികസനം, മദീന ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, പതിനാലു സ്‌കൂളുകള്‍, മദീന വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സെന്‍ട്രല്‍ ഗോഡൗണുകള്‍, സ്‌പോര്‍ട്‌സ് ഹാള്‍ എന്നിവ അടക്കമുള്ള പദ്ധതികളാണ് രാജാവ് ഉദ്ഘാടനം ചെയ്തത്.

സഊദിയില്‍ നിലനില്‍ക്കുന്ന സുരക്ഷയും സമാധാനവും ഏറ്റവും വലിയ അനുഗ്രഹമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സമാധാനത്തോടെയും സഊദിയില്‍ സഞ്ചരിക്കുന്നതിനും ഹജ്ജ് നിര്‍വഹിക്കുന്നതിനും മദീന സിയാറത്ത് നടത്തുന്നതിനും സാധിക്കുന്ന സാഹചര്യമാണുള്ളത്. ഇവിടുത്തെ ഭരണാധികാരികളും ജനങ്ങളും മസ്ജിദുല്‍ഹറാമിന്റയും മസ്ജിദുന്നബവിയുടെയും പരിചരണം ആദരവും ബഹുമതിയുമായാണ് കാണുന്നതെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍, വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ഉബൈദ് മദനി, ഖുബാ മസ്ജിദ് ഇമാം ശൈഖ് സ്വാലിഹ് ബിന്‍ അവാദ് അല്‍മഗാംസി, സഹമന്ത്രി അമീര്‍ മന്‍സൂര്‍ ബിന്‍ മിത്അബ്, ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ്, സല്‍മാന്‍ രാജാവിന്റെ മക്കളായ അമീര്‍ റാകാന്‍, അമീര്‍ നായിഫ്, പേരമകന്‍ അമീര്‍ ഫഹദ് ബിന്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍, രാജാവിന്റെ ഉപദേഷ്ടാക്കളായ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍, അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സത്താം, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാക്കളായ അമീര്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, അമീര്‍ അബ്ദുല്ല ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.