Connect with us

Sports

മാജിക് ലോ

Published

on

 

ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീം. ലോകത്തെ ഏറ്റവും മികച്ച പരിശീലകനുള്ള ടീം. എല്ലാ മേഖലയിലും അനുഭവസമ്പന്നര്‍ മാത്രമുള്ള ടീം. വലിയ മല്‍സരങ്ങളെന്ന് കേള്‍ക്കുമ്പോള്‍ അനാസായം സ്വന്തം ഗെയിമില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘം. നാല് തവണ ലോകകപ്പില്‍ മുത്തമിട്ടവര്‍. പതിനെട്ട് തവണ ലോകകപ്പ് കളിച്ചപ്പോള്‍ 13 തവണയും സെമി ഫൈനല്‍ കളിച്ചവര്‍-വിശേഷണങ്ങള്‍ ധാരാളമുണ്ട് ചാമ്പ്യന്മാരായ ജര്‍മനിക്ക്. വിശേഷണങ്ങള്‍ക്കപ്പുറം സമീപകാല ലോക ഫുട്‌ബോളിനെ വിലയിരുത്തിയാല്‍ ഒരു കാര്യം വ്യക്തം-റഷ്യയില്‍ കിരീട പോരാട്ടത്തില്‍ ബ്രസീലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രാപ്തരാണ് ജര്‍മന്‍ സംഘം.
ആരാണ് ടീമിലെ നമ്പര്‍ വണ്‍…? എല്ലാ ടീമുകള്‍ക്കും ക്യാപ്റ്റന്മാരുണ്ട്, സൂപ്പര്‍ താരങ്ങളുണ്ട്. പക്ഷേ ജര്‍മനി എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ മനസ്സിലേക്ക് ഒരാളാണ് ഓടി വരുന്നതത്-കോച്ച് ജോക്കിം ലോ. മജീഷ്യന്‍ എന്നാണ് അദ്ദേഹത്തെ ഫുട്‌ബോള്‍ ലോകം വിളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെ ഒരേ ഒരു മല്‍സരം മാത്രമെടുത്താലറിയാം ആരാണ് ജോക്കിം എന്ന്. ആ മല്‍സരമിപ്പോഴും മുന്നില്‍ നില്‍ക്കുന്നു. ബ്രസീല്‍ ഫാന്‍സ് ആഗ്രഹിക്കാത്ത മല്‍സരം. ബെലോ ഹോറിസോണ്ടെ എന്ന നഗരം. ലോകകപ്പിന്റെ സെമിഫൈനലില്‍ ബ്രസീലും ജര്‍മനിയും തമ്മിലുള്ള ക്ലാസിക് പോരാട്ടം നടക്കുന്ന വേദി. മഞ്ഞപ്പടയുടെ ആരവങ്ങള്‍ മാത്രമായിരുന്നു അവിടെ. പരുക്ക് കാരണം നെയ്മര്‍ കളിക്കുന്നില്ല. സസ്‌പെന്‍ഷന്‍ കാരണം ക്യാപ്റ്റന്‍ തിയാഗോ സില്‍വയുമില്ല. പക്ഷേ കോച്ച് ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരി ആത്മവിശ്വാസത്തോടെ ഞങ്ങളോട് പറഞ്ഞു-ആരില്ലെങ്കിലും തന്ത്രങ്ങളുണ്ടെന്ന്. എന്തായിരിക്കും തന്ത്രമെന്ന് ചോദിച്ചപ്പോള്‍ അത് പരസ്യമായി പറയില്ലെന്നും പറഞ്ഞു. പക്ഷേ ആ തന്ത്രത്തിന് ശക്തമായ മറുതന്ത്രം മെനഞ്ഞു ജോക്കിം ലോ. സ്‌ക്കോളാരിയുടെ തന്ത്രം വ്യക്തമായിരുന്നു-ആദ്യം ഇരുപത് മിനുട്ട് ആക്രമിക്കുക. രണ്ട് ഗോള്‍ നേടുക. ആ ഗോളുകളില്‍ പ്രതിരോധം തീര്‍ക്കുക. അദ്ദേഹം അങ്ങനെ ഒരു പ്ലാന്‍ നടത്താന്‍ കാരണം ജര്‍മനിക്കാര്‍ പ്രതിരോധാത്മകമായി കളിക്കുമെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു. ഈ തന്ത്രത്തിന് മറുമരുന്നായി ജോക്കിം ലോ സ്വന്തം കുട്ടികളോട് പറഞ്ഞു-പ്രത്യാക്രമണമാണ് ആയുധം. ബ്രസീലിന്റെ ആക്രമണത്തിന് മുന്നില്‍ പതറി നില്‍ക്കാതെ അതേ വേഗതയില്‍ ആക്രമിക്കുക. സ്വന്തം പ്രതിരോധത്തെ വിശ്വാസമുള്ളത് കൊണ്ടായിരുന്നു ലോ ഇത്തരത്തില്‍ പ്ലാന്‍ ചെയ്തത്. മൈതാനത്ത് കണ്ടത് സ്‌ക്കോളാരിയുടെ തന്ത്രങ്ങള്‍ ജര്‍മന്‍ പ്രതിരോധത്തില്‍ തളരുന്നതും ലോയുടെ തന്ത്രം അക്ഷരാര്‍ത്ഥത്തില്‍ വിജയിക്കുന്നതും. പതിനൊന്നാം മിനുട്ടില്‍ തോമസ് മുള്ളളറുടെ ഗോള്‍. 23 ല്‍ മിറോസ്ലാവ് ക്ലോസെയുടെ ഗോള്‍. രണ്ട് മിനുട്ടിന് ശേഷം അതാ വീണ്ടും ക്ലോസെ. 26-ാം മിനുട്ടില്‍ ക്ലോസെയുടെ ഹാട്രിക്ക്. ബ്രസീല്‍ കണ്ണീരണിഞ്ഞപ്പോഴും ഗിയര്‍ പിറകോട്ട് മാറ്റിയില്ല കോച്ച്. 29-ാം മിട്ടില്‍ സാമി ഖദീരയുടെ അഞ്ചാം ഗോള്‍. രണ്ടാം പകുതിയില്‍ ഷൂറെയുടെ വക രണ്ട് ഗോളുകള്‍ കൂടിയായപ്പോള്‍ ബ്രസീല്‍ തകര്‍ന്നു. ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയെ തളക്കാന്‍ ലോ എടുത്ത തന്ത്രം ഇതായിരുന്നില്ല. മെസിയെ തളര്‍ത്തുക. അദ്ദേഹത്തെ സ്വതന്ത്രമാക്കിയാല്‍ അപകടമാണ്. പന്ത് കൂടുതല്‍ സമയം കൈവശം വെക്കുക-അപ്പോള്‍ മെസി അസ്വസ്ഥനാവും. അദ്ദേഹത്തെ മാനസികമായി തളര്‍ത്താം. മല്‍സരം കൂടുതല്‍ സമയം കൊണ്ട് പോവാനാവുമ്പോള്‍ അതിന് അനുസൃതമായി അര്‍ജന്റീനക്കാര്‍ വിയര്‍ക്കുമെന്ന തന്ത്രത്തില്‍ മരക്കാനയിലെ മല്‍സരം ദീര്‍ഘിച്ചത് 120 മിനുട്ടാണ്. ഇതിനിടെ 113-ാം മിനുട്ടില്‍ മരിയോ ഗോഡ്‌സെ നേടിയ ഗോള്‍ അര്‍ജന്റീനയുടെ പ്രതീക്ഷകല്‍ തകര്‍ത്തപ്പോള്‍ വിജയിച്ചത് ലോയായിരുന്നു. അതേ ലോയാണ് റഷ്യയിലേക്ക് വരുന്നത്. റഷ്യക്ക് മാത്രമല്ല 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും ജര്‍മന്‍ സംഘത്തെ ഒരുക്കാനുള്ള അവകാശം അദ്ദേഹത്തിന് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയിരിക്കുന്നു. 2006 ല്‍ തുടങ്ങിയ ദൗത്യം ഇപ്പോള്‍ 12 വര്‍ഷം പിന്നിട്ടിരിക്കുന്നു. ജുര്‍ഗന്‍ ക്ലിന്‍സ്മാന്‍ എന്ന പരിശീലകന്റെ സഹായിയായി തുടങ്ങിയ ലോ ടീമിന് ലോകകപ്പ് സമ്മാനിച്ചു. രണ്ട് വര്‍ഷം മുമ്പ് കോണ്‍ഫെഡറേഷന്‍സ് കപ്പ് സമ്മാനിച്ചു. റഷ്യയില്‍ കപ്പ് നിലനിര്‍ത്തുക എന്ന വലിയ ജോലിയില്‍ സമ്മര്‍ദ്ദത്തിന്റെ ചെറുലാഞ്ചന പോലും അദ്ദേഹം പ്രകടിപ്പിക്കുന്നില്ല.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല ജര്‍മനിക്ക്. താര നിര നോക്കിയാല്‍ എല്ലാവരും യൂറോപ്യന്‍ ഫുട്‌ബോളിലെ അജയ്യന്മാര്‍. ബയേണ്‍ മ്യുണിച്ച് എന്ന ചാമ്പ്്യന്‍ ക്ലബ് മുതല്‍ ഇതാ കഴിഞ്ഞ ദിവസം യൂറോപ്യന്‍ ക്ലബ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് വരെയുള്ളവരുണ്ട് ടീമില്‍. ഗോള്‍ വല കാക്കുന്നത് മാനുവല്‍ ന്യൂയര്‍. ബയേണിന്റെ ചാമ്പ്യന്‍ ഗോള്‍ക്കീപ്പര്‍. പിന്‍നിരയില്‍ ജെറോം ബോയതാംഗ്, മാറ്റ്‌സ് ഹമ്മല്‍സ്, നിക്കോളാസ് സുലെ,ജോഷ്വ കിമ്മിച്ച് തുടങ്ങിയ ബയേണുകാര്‍. മധ്യനിരയിലും മുന്‍നിരയിലുമായി പി.എസ്.ജിയുടെ ജൂലിയന്‍ ഡ്രാക്‌സലര്‍, മരിയോ ഗോമസ്, യുവന്തസിന്റെ സാമി കദീര, റയലിന്റെ ടോണി ക്രൂസ്, തോമസ് മുള്ളര്‍, മെസൂട്ട് ഓസില്‍ തുടങ്ങിയവര്‍. ഇവരെ തോല്‍പ്പിക്കുക ഗ്രൂപ്പില്‍ മെക്‌സിക്കോക്കും സ്വീഡനും ദക്ഷിണ കൊറിയക്കും എളുപ്പമല്ല. ഇവരെല്ലാം കളിക്കുന്നത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടാനാണ്.

News

ഓസീസിനെതിരെ രണ്ടാം ടി-20 ഇന്ന്

മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഓസീസ് സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദം മുഴുവന്‍ ആതിഥേയര്‍ക്കാണ്.

Published

on

നാഗ്പ്പൂര്‍: ഡെത്തിലെ തലവേദനയുമായി രോഹിത് ശര്‍മയുടെ ഇന്ത്യന്‍ സംഘമിന്ന് ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിക്കെതിരെ. മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഓസീസ് സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദം മുഴുവന്‍ ആതിഥേയര്‍ക്കാണ്. ഇന്നും അരോണ്‍ ഫിഞ്ചിന്റെ സംഘം ജയിച്ചാല്‍ പരമ്പര അവര്‍ കൊണ്ട് പോവും. ടി-20 ലോകകപ്പ് തൊട്ടരികില്‍ നില്‍ക്കവെ ഇന്ത്യക്കത് കനത്ത ആഘാതവുമാവും.

പ്രശ്‌നങ്ങളുടെ നടുക്കടലിലാണ് ഇന്ത്യന്‍ സംഘം. ലോകകപ്പിന് മുമ്പ് സമ്പൂര്‍ണ കരുത്തുള്ള ടീം എന്നതായിരുന്നു കോച്ച് രാഹുല്‍ ദ്രാവിഡ്, നായകന്‍ രോഹിത് ശര്‍മ എന്നിവരുടെ ആഗ്രഹം. പക്ഷേ നിലവില്‍ ഡെത്ത് ബൗളിംഗ് ഇന്ത്യക്ക് വലിയ തലവേദനയായി മാറുന്നു. ഇന്ത്യ കളിച്ച അവസാന മൂന്ന് മല്‍സരങ്ങളില്‍ ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് അവസാന ഓവര്‍ ബൗളിംഗാണ്. ജസ്പ്രീത് ബുംറ എന്ന സീനിയര്‍ സീമര്‍ പരുക്കില്‍ നിന്നും പൂര്‍ണ മുക്തനാവാതെ പുറത്തിരിക്കവെ ബൗളിംഗ് നായകത്വം വഹിക്കുന്ന ഭുവനേശ്വര്‍ കുമാര്‍ ദുരന്തമായി മാറുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ടയാളാണ് ഭുവനേശ്വര്‍. പക്ഷേ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മല്‍സരങ്ങളിലും മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരെയും അദ്ദേഹം ദയനീയ പരാജയമായി മാറി. ബുംറ ഇന്ന് ഇറങ്ങുമോ എന്നത് വ്യക്തമല്ല. മൊഹാലിയില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. ലോകകപ്പ് മുന്‍നിര്‍ത്തി ബുംറയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുഹമ്മദ് ഷമി കോവിഡ് ബാധിതനായി പുറത്തായതും ടീമിനെ സാരമായി തന്നെ ബാധിക്കുന്നു.
പകരക്കാരനായി വന്ന ഉമേഷ് യാദവ് മൊഹാലിയില്‍ രണ്ടോവറില്‍ 27 റണ്‍സാണ് വഴങ്ങിയത്. നാഗ്പ്പൂരിലെ ട്രാക്ക് സ്പിന്നിനെ തുണക്കുമെന്നാണ് കരുതപ്പെടുന്നത്. മൊഹാലിയില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെയാണ് ഇറക്കിയിരുന്നത്.

അക്‌സര്‍ പട്ടേലിനൊപ്പം യൂസവേന്ദ്ര ചാഹലും കളത്തിലുണ്ടായിരുന്നു. സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് അവസരം നല്‍കാത്തത് ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹം ഇന്ന് കളിക്കുമോ എന്നതും വ്യക്തമല്ല. ഓസീസ് ടീമില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന് നായകന്‍ ഫിഞ്ച് വ്യക്തമാക്കി. ആദ്യ മല്‍സരത്തിലെ പ്രകടനത്തില്‍ നായകന്‍ സംതൃപ്തനാണ്. ബൗളര്‍മാര്‍ കുറച്ച് കൂടി കാര്‍ക്കശ്യം പാലിക്കുന്ന പക്ഷം ഇന്ത്യന്‍ ബാറ്റര്‍മാരെ നിയന്ത്രിക്കാമെന്നും അദ്ദേഹം കരുതുന്നു.

Continue Reading

News

ഡെത്തിലെ പ്രോബ്ലം; രണ്ടാം മല്‍സരം നാളെ നാഗ്പ്പൂരില്‍

Published

on

മൊഹാലി: രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ഇന്ത്യന്‍ ടി-20 സംഘത്തിന്റെ ചുമതലക്കാരാവുമ്പോള്‍ കോച്ചും ക്യാപ്റ്റനും നേരിട്ട വലിയ പ്രശ്‌നം ടീമിന്റെ ബാറ്റിംഗ് ശൈലിയായിരുന്നു. തീര്‍ത്തും പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന ബാറ്റിംഗിന് പകരം ആക്രമണോത്സുകമായി കളിക്കാത്തപക്ഷം പുതിയ സാഹചര്യങ്ങളില്‍ പൊരുതി നില്‍ക്കാനാവില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു. വലിയ മാറ്റങള്‍ക്കായും രണ്ട് പേരും ശ്രമിച്ചു. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.

പക്ഷേ ലോകകപ്പ് അരികില്‍ നില്‍ക്കവെ നിലവില്‍ രണ്ട് പേരും നേരിടുന്ന തലവേദന അവസാന ഓവര്‍ ബൗളിംഗാണ്. ഇന്ത്യ അവസാനമായി കളിച്ച മൂന്ന് മല്‍സരങ്ങളിലെ തോല്‍വിക്കും കാരണം അവസാന ഓവറുകള്‍ ചെയ്യുന്ന ബൗളര്‍മാര്‍ തന്നെ. ഏഷ്യാ കപ്പിലെ അവസാന രണ്ട് മല്‍സരങ്ങള്‍, മൊഹാലിയില്‍ ഓസ്‌ട്രേിലയക്കെതിരായ മല്‍സരം- ഇതെല്ലാം അവസാനത്തിലാണ് കൈകളില്‍ നിന്നും വഴുതിയത്. അവസാന നാല് ഓവറുകളില്‍ 54, 42,41 റണ്‍സ് നല്‍കിയാണ് ഇന്ത്യ തോറ്റത്. ഈ മൂന്ന് മല്‍സരങ്ങളിലും പത്തൊമ്പതാമത് ഓവര്‍ എറിഞ്ഞത് ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാറായിരുന്നു. 16,14, 19 റണ്‍സാണ് അദ്ദേഹം ഈ മല്‍സരങ്ങളില്‍ പത്തൊമ്പതാം ഓവറില്‍ വഴങ്ങിയത്. ജസ്പ്രീത് ബുംറ പരുക്കില്‍ പുറത്തായ സാഹചര്യത്തില്‍ ടീമിലെ രണ്ടാമത്തെ അനുഭവ സമ്പന്നനായ സീമര്‍ ഭുവനേശ്വറാണ്. അദ്ദേഹത്തിന് നായകന്‍ പന്ത് നല്‍കുന്നതില്‍ തെറ്റുമില്ല. അതിവേഗക്കാരനല്ല ഭൂുവനേശ്വര്‍. സാധാരണ മീഡിയം പേസര്‍. പന്തില്‍ ഒരു വിത്യസ്തതയും കാണിക്കാന്‍ കഴിയാത്ത ഭുവനേശ്വര്‍ റണ്‍സ് വഴങ്ങുന്നതില്‍ അല്‍ഭുതവുമില്ല.

മാത്യു വെയിഡെ എന്ന ഓസീസ് ബാറ്റര്‍ മൊഹാലിയില്‍ ഭുവനേശ്വറിനെ നിരന്തരം അതിര്‍ത്തി കടത്തി. ആളില്ലാത്ത സ്ഥലത്തേക്ക് ഷോട്ട് പായിച്ചാണ് വെയിഡെ മികവ് കാട്ടിയത്. എന്നിട്ടും തന്റെ പന്തില്‍, ശൈലിയില്‍ മാറ്റം വരുത്താന്‍ ഭുവനേശ്വറിനായില്ല. പതിനെട്ടാം ഓവര്‍ എറിഞ്ഞ ഹര്‍ഷല്‍ പട്ടേല്‍ വഴങ്ങിയത് 22 റണ്‍സ്. നാളെ പരമ്പരയിലെ രണ്ടാം മല്‍സരം നാഗ്പ്പൂരില്‍ നടക്കുമ്പോള്‍ ദ്രാവിഡും രോഹിതും തലപുകക്കുന്നത് അവസാന ഓവറുകള്‍ ആര്‍ക്ക് നല്‍കുമെന്നതാണ്. ബുംറക്ക് വിശ്രമം അനുവദിച്ചാല്‍ ഭുവനേശ്വര്‍ തന്നെ പുതിയ പന്തെടുക്കേണ്ടി വരും. മുഹമ്മദ് ഷമി കോവിഡില്‍ പുറത്തായതിനാല്‍ രണ്ടാം സീമര്‍ അര്‍ഷദിപ് സിംഗാവാം. ഉമേഷ് യാദവിന് അവസരമുണ്ടാവില്ല. ലോകകപ്പിന് മുമ്പ് കോച്ചും നായകനും എവിടെ നിന്ന് ഡെത്തുകാരെ കണ്ടെത്തും.

Continue Reading

kerala

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന്‍ അമ്മയെ തീകൊളുത്തി

സംഭവത്തില്‍ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

തൃശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് തൃശൂരില്‍ മകന്‍ അമ്മയെ തീ കൊളുത്തി. ചമ്മണ്ണൂര്‍ സ്വദേശിനിയും 75കാരി ശ്രീമതിയെയാണ് മകന്‍ മനോജ് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending