മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മുംബൈയില്‍ സാന്താക്രൂസിന് സമീപം മുക്താനന്ദ് പാര്‍ക്കില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സജ്ജാദ് ഖാന്‍ (30) എന്നയാളാണ് ആള്‍ക്കൂട്ട ക്രൂരതയില്‍ മരിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് കൊലപാതകം.

പാര്‍ക്കിന് സമീപത്തെ നിര്‍മാണ സ്ഥലത്തുവച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഖാന്‍ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്രൂരമായി മര്‍ദനമേറ്റ സജ്ജാദ് ഖാന്‍ ഓട്ടോറിക്ഷയില്‍ കയറിക്കിടക്കുകയായിരുന്നു. രാവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ വണ്ടിയെടുക്കാന്‍ എത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ ഖാനെ കണ്ടത്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.