ഡല്‍ഹി: വാഹനം വാങ്ങണമെന്ന് മോഹമുള്ളവര്‍ക്കായി ആകര്‍ഷണീയമായ ആനുകൂല്യങ്ങളുമായി പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര. വര്‍ഷാന്ത്യത്തില്‍ വാങ്ങുന്ന വിവിധ മോഡലുകള്‍ക്കാണ് ആനുകൂല്യം. മൂന്ന് ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഇളവുകള്‍ പ്രഖ്യാപിച്ചത്.

കോര്‍പ്പറേറ്റ് ഡിസ്‌ക്കൗണ്ട്, ക്യാഷ് ഡിസ്‌ക്കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, തുടങ്ങി നിരവധി ഓഫറുകളാണ് മഹീന്ദ്ര പ്രഖ്യാപിച്ചത്. ഈ മാസം വാഹനം വാങ്ങുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. അടുത്തിടെ പുറത്തിറക്കിയ താര്‍ എസ്‌യുവി ഒഴിച്ചുള്ള എല്ലാ മോഡലുകള്‍ക്കും ആനുകൂല്യം ലഭിക്കും.

മഹീന്ദ്രയുടെ മുഖ്യ വരുമാന സ്രോതസ്സായ എസ്‌യുവിക്ക് മൂന്ന് ലക്ഷം രൂപ വരെയാണ് ഓഫര്‍. ക്യാഷ് ഡിസ്‌ക്കൗണ്ടായി മാത്രം 2.20 ലക്ഷം ലഭിക്കും. മലിനീകരണവുമായി ബന്ധപ്പെട്ട ഭാരത് സ്റ്റേജ് ആറ് മാനദണ്ഡ പ്രകാരം പുറത്തിറക്കിയ ആല്‍ട്രസ് ജി ഫോര്‍ മോഡലിനാണ് ഈ ആനുകൂല്യം. കൂടാതെ എക്‌സ്‌ചേഞ്ച് ബോണസായി 10000 രൂപ ലഭിക്കും. കോര്‍പ്പറേറ്റ് ഡിസ്‌ക്കൗണ്ട് ഉള്‍പ്പെടെ 20,000 രൂപ വേറെയും ലഭിക്കും.

ബൊലേറോ കാറിന് 10,000 രൂപ വരെ ക്യാഷ് ഡിസ്‌ക്കൗണ്ടായി ലഭിക്കും. കൂടാതെ കോര്‍പ്പറേറ്റ് ഓഫറും മറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര എക്‌സ്‌യുവി 500ന് 51,200 രൂപയാണ് ക്യാഷ് ഡിസ്‌ക്കൗണ്ടായി ലഭിക്കുക. ക്യാഷ് ബെനഫിറ്റായി 12,200 ലഭിക്കും. 20,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്. കോര്‍പ്പറേറ്റ് ഡിസ്‌ക്കൗണ്ട് 9000 രൂപയാണ്. മറ്റു ബെനഫിറ്റുകള്‍ 10,000 രൂപ വരെ വരും. മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടിക്കും സമാനമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിക്ക് 30,600 രൂപ വരെയാണ് പരമാവധി ആനുകൂല്യം. എക്‌സ്‌യുവി 300ന് എക്‌സ്‌ചേഞ്ച് ബോണസായി 25000 രൂപ വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മഹീന്ദ്രയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.