ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം ദിനം പുലര്‍ച്ചെ സാക്ഷ്യം വഹിച്ചത് അത്‌ലറ്റിക്‌സ് ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ചക്കാണ്. ഒരു അത്‌ലറ്റ് തനിച്ച് ഓടി 200 മീറ്ററിന്റെ ഫൈനലിലേക്ക് യോഗ്യത നേടുക.
അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത ഒരു സംഭവം. ബോട്‌സ്വാനയുടെ സ്പ്രിന്റര്‍ ഇസാഖ് മക്‌വാലയാണ് അധികൃതരുടെ കടുംപിടുത്തത്തിന് മുന്നില്‍ പതറാതെ ഓടി ചരിത്രത്തില്‍ ഇടം നേടിയത്. നോറോ വൈറസ് ബാധയെ തുടര്‍ന്ന് വയറു വേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനാല്‍ മറ്റു അത്‌ലറ്റുകള്‍ക്കൊപ്പം ഓടാന്‍ അധികൃതര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് മക്‌വാല ഒറ്റക്ക് ഒറ്റക്ക് ഓടേണ്ടി വന്നത്.
കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ 400 മീറ്ററില്‍ മത്സരിക്കേണ്ടിയിരുന്ന മക്‌വാലയെ പകര്‍ച്ച വ്യാധിയുണ്ടാകുമെന്ന കാരണത്താ ല്‍ ട്രാക്കിലേക്ക് തന്നെ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ട്രാക്കിലിറങ്ങണമെന്നും താന്‍ പൂര്‍ണമായും ഫിറ്റാണെന്നും മക് വാല വാദിച്ചെങ്കിലും മറ്റുള്ളവര്‍ക്ക് നോറോ വൈറസ് പകരുമെന്ന് ആശങ്കയില്‍ താരത്തെ വിലക്കുകയായിരുന്നു. എന്നാല്‍ 200 മീറ്ററില്‍ അധികൃതര്‍ മക് വാലയോട് കനിഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന ഏഴാമത്തെ ലൈനില്‍ അദ്ദേഹം ഒറ്റക്ക് ഓടി. 20.53 സെക്കന്റില്‍ ഫിനിഷ് ലൈന്‍ തൊട്ടാല്‍ സെമിഫൈനലില്‍ മത്സരിപ്പിക്കാമെന്ന നിബന്ധനയാണ് അധികൃതര്‍ മുന്നോട്ടു വെച്ചത്. രാത്രി വൈകി നടന്ന ഹീറ്റ്‌സില്‍ മക്‌വാല തന്റെ നിശ്ചയ ധാര്‍ഢ്യവും ഒപ്പം കാണികളും പിന്തുണയും ഉള്‍ക്കൊണ്ട് ഓടി 20.20 സെക്കന്റില്‍ ഫിനിഷ് ലൈന്‍ തൊട്ടു. തുടര്‍ന്ന് ട്രാക്കില്‍ അഞ്ച് തവണ പുഷ് അപ് എടുത്തു ഫിറ്റ്‌നസിലെ തന്റെ വീര്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
ഓടുമ്പോള്‍ തനിക്ക് ദേശ്യമുണ്ടായിരുന്നെന്നും ആത്മ വിശ്വാസമുണ്ടായിരുന്നുവെന്നും ഫിനിഷിങിന് ശേഷം മക് വാല പറഞ്ഞു. 400 മീറ്ററായിരുന്നു തന്റെ പ്രതീക്ഷ. ആരാണ് ഇതില്‍ നിന്നും എന്നെ വിലക്കിയതെന്ന് അറിയില്ല. ഹൃദയം നുറുങ്ങുന്ന ദുഖവുമായാണ് താനിപ്പോഴും ഓടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം രണ്ട് മണിക്കൂറിന് ശേഷം നടന്ന സെമിഫൈനലിലും മക് വാല തന്റെ കഴിവ് തെളിയിച്ചു. ഇത്തവണ മറ്റു താരങ്ങളോടൊപ്പം ഓടാന്‍ അവസരം ലഭിച്ച മക് വാല രണ്ടാമതായാണ് മത്സരം പൂര്‍ത്തിയാക്കിയത്.
ഹീറ്റ്‌സിനേക്കാള്‍ 0.06 സെക്കന്റ് കുറച്ച് സമയം കുറിച്ചുകൊണ്ടാണ് ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലിലെത്തിയ ഒമ്പത് പേരില്‍ മക് വാലയുടേതാണ് മികച്ച സമയം.