മലപ്പുറം: തീപിടിച്ച നിലയില്‍ ആസ്പത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. മലപ്പുറം ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്‍-ലുത്ത്ഫാബി ദമ്പതികളുടെ മകന്‍ ഫവാസ് (27) ആണ് മരിച്ചത്. സ്വയം തീ കൊളു്ത്തിയ ശേഷം യുവാവ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം.


പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിക്കു എതിര്‍വശത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് തീപിടിച്ച നിലയില്‍ ഫവാസ് ഓടിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ നിന്നും പെട്രോള്‍ കുപ്പി, ലൈറ്രര്‍, ഒരു റോസാപൂവ് എന്നിവ പൊലീസിന് ലഭിച്ചു. റോഡ് മുറിച്ചു കടന്ന് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ എത്തി വീഴുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് എടക്കര പൂവ്വത്തിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. സഹോദരങ്ങല്‍ നിയാസ്, ബഫ്‌ന.