കൊളംബോ: ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിന്റെ ശ്രീലങ്കന്‍ താരം ലസിത് മലിംഗ വിരമിച്ചു. വരുന്ന ഐപിഎല്‍ സീസണു മുന്നോടിയായാണ് മലിംഗ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഐപിഎലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരമാണ് അദ്ദേഹം.

‘കുടുംബവുമായി ആലോചിച്ച ശേഷം, ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ഉചിതമായ നേരം ഇതാണെന്ന് എനിക്ക് തോന്നുന്നു. കൊവിഡും യാത്രാ വിലക്കുകളും യാത്ര ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാവും. അതുകൊണ്ട് തന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുക്കാനുള്ള ശരിയായ സമയം ഇത് തന്നെയാണ്. മുംബൈ ഇന്ത്യന്‍സിനും ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്.’ മലിംഗ പറഞ്ഞു.

2008ല്‍ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയണിഞ്ഞ മലിംഗ 122 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകളാണ് നേടിയത്.