ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്ത് മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മനോഹര്‍ പരീക്കര്‍ കള്ളം പറയുകയാണ്, ജവാന്മാരുടെ രക്തത്തിലും ബി.ജെ.പി രാഷ്ട്രീയം കാണുന്നു, യു.പി.എ ഭരണകാലത്ത് മിന്നലാക്രമണം നടന്നിട്ടില്ലെന്ന് പറയുമ്പോള്‍ അതില്‍ പങ്കെടുത്ത ജവാന്മാരെ അപമാനിക്കലാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സൈന്യത്തെ രാഷ്ടീയംകൊണ്ട് വിഭജിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്, പരീക്കറെ പ്രധാനമന്ത്രി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കൊടുക്കണം, രാജ്യസുരക്ഷപോലുള്ള തന്ത്രപ്രധാനമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇനിയും പക്വത കാണിക്കേണ്ടിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ മിന്നലാക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു പരീക്കര്‍ മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ വ്യക്തമാക്കിയത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. യുപി.എ കാലത്ത് മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയും വ്യക്തമാക്കിയിരുന്നു.