മനില: ഐ.എസ് അനുഭാവികളെയും കമ്യൂണിസ്റ്റ് പോരാളികളെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മറാവി നഗരം ഉള്‍പ്പെടുന്ന മിന്‍ഡനാവോ മേഖലയില്‍ പട്ടാള നിയമത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ബില്ലിന് ഫിലിപ്പീന്‍ കോണ്‍ഗ്രസ് അംഗീകാരം നല്‍കി. പ്രസിഡന്റ് റോഡ്രിഗോ ഡ്യുഡര്‍ട്ടിന്റെ ഏറെ വിവാദമായ നിര്‍ദേശം 23നെതിരെ 226 വോട്ടുകള്‍ക്കാണ് പാസാക്കിയത്. 2018 അവസാനം വരെ പട്ടാള നിയമം ദീര്‍ഘിപ്പിക്കുന്നത് മേഖലയില്‍ മനുഷ്യാവകാശ ധ്വംസനത്തിന് കാരണമാകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറാവി നഗരം സായുധ സംഘത്തിന്റെ പിടിയിലായതോടെയാണ് ഡ്യുടര്‍ട്ടെ മേഖലയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. തീവ്രവാദികളെ നഗരത്തില്‍നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന അഞ്ചുമാസം നീണ്ട സൈനിക നടപടിയില്‍ 1100 പേര്‍ കൊല്ലപെടുകയും പതിനായിരക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിരുന്നു. ഫിലിപ്പീന്‍ സേനയുടെ വ്യോമാക്രമണത്തില്‍ മറാവിയുടെ നിരവധി ഭാഗങ്ങള്‍ തകര്‍ന്നു. ഒക്ടബോറില്‍ നഗരത്തെ മോചിപ്പിച്ചുവെന്ന് ഡ്യുടര്‍ട്ടെ പ്രഖ്യാപിച്ചതിനുശേഷവും മേഖലയില്‍ പട്ടാള നിയമം പ്രാബല്യത്തില്‍ തുടരുന്നത് എന്തിനാണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.