മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാത് കോലി ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത് പുത്തന്‍ റെക്കോര്‍ഡുമായി. 889 പോയന്റുമായാണ് ഇന്ത്യന്‍ നായകന്‍ ഒന്നാം സ്ഥാനത്ത് വന്നത്. ഇത് വരെ ഒരു ഇന്ത്യന്‍ താരത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത പോയന്റാണിത്. രാജ്യത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഇത് വരെ ഉയര്‍ന്ന പോയന്റുമായി ഒന്നാം സ്ഥനം നേടിയത്. 1998 ല്‍ സച്ചിന്‍ ഒന്നാം സ്ഥാനം നേടുമ്പോള്‍ അദ്ദേഹം സമ്പാദിച്ച പോയിന്റ് 887 ആയിരുന്നു. കോലി നിലവില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതാവട്ടെ 889 പോയുന്റുമായി. 2000 ത്തില്‍ അന്നത്തെ നായകന്‍ സൗരവ് ഗാംഗുലി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമനായത് 844 പോയന്റ്് നേടിയാണ്. 2009 ല്‍ മഹേന്ദ്രസിംഗ് ധോണി ഒന്നാമനായപ്പോള്‍ നേടിയതാവട്ടെ 836 പോയന്റ്. റാങ്കിംഗ് നിലവില്‍ വന്ന കാലത്ത് 811 പോയന്റുമായി ഇന്ത്യയുടെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദിന്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിരുന്നു.