ന്യൂഡല്‍ഹി: കശ്മീരില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്നാവര്‍ത്തിച്ച് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും കശ്മീര്‍ ജനതയുടെ കണ്ണുനീര്‍ കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

കശ്മീരിലെ രക്തച്ചൊലിച്ചില്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചര്‍ച്ചകളിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഇത് പറഞ്ഞതിന്റെ പേരില്‍ വാര്‍ത്താചാനലുകള്‍ തന്നെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തുമെന്ന് അറിയാം. അതൊരു വിഷയമേ അല്ല. കശ്മീരികള്‍ ഒട്ടേറെ സഹിച്ചു. എത്രയും വേഗം സമാധാനം പുലര്‍ന്നേ മതിയാകൂ-മെഹ്ബുബ പറഞ്ഞു. നേരത്തെ പാകിസ്താനുമായി നടന്ന യുദ്ധങ്ങളിലെല്ലാം നമ്മള്‍ വിജയിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കശ്മീരില്‍ സമാധാനം പുലരാത്തത്. ചര്‍ച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാനാകൂ-അവര്‍ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനുമായി കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെടുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ചാണ് മുഫ്തി നിയമസഭയില്‍ പ്രസംഗിച്ചത്.