കൊറോണ ദുരിതംവിതച്ച കാലത്ത് ജോലി നഷ്ടങ്ങളുടേയും പിരിച്ചുവിടലിന്റേയും കഥകള്‍ക്കിടയില്‍ വേറിട്ട വിശേഷവുമായി മെഴ്‌സിഡസ് ബെന്‍സ്. ഡെയിംലര്‍ ബെന്‍സ് തങ്ങളുടെ ഓരോ ജീവനക്കാരനും 1200 ഡോളര്‍ വീതം കൊറോണ ബോണസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ജര്‍മന്‍ തൊഴിലാളികള്‍ക്കാവും ബോണസ് നല്‍കുക.

ജോലിയില്‍ തുടരാനുള്ള ജീവനക്കാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനും വെല്ലുവിളി നിറഞ്ഞ കാലത്ത് തൊഴിലാളികളുടെ മാനസികാവസ്ഥ ഉയര്‍ത്താനുമാണ് അവധിക്കാല സീസണിന് മുന്നോടിയായി ബോണസ് നല്‍കുന്നതെന്ന് ബെന്‍സ് അധികൃതര്‍ പറയുന്നു. ജര്‍മന്‍ പ്ലാന്റുകളിലെയും ഓഫീസുകളിലെയും 160,000 ജീവനക്കാര്‍ക്ക് തുക ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും പത്രക്കുറിപ്പില്‍ ഡെയിംലര്‍ അറിയിച്ചു. ‘ഈ അസാധാരണമായ സമയത്ത് ഞങ്ങളുടെ തൊഴില്‍ സേനക്ക് പിന്തുണ നല്‍കുക അനിവാര്യമാണെന്ന് ഞങ്ങള്‍ കരുതുന്നു’ഡെയിംലര്‍ പേഴ്‌സണല്‍ മേധാവി വില്‍ഫ്രഡ് പോര്‍ത് പറഞ്ഞു.

ഡെയിംലര്‍, മെഴ്‌സിഡസ് ബെന്‍സ്, ഡെയിംലര്‍ ട്രക്ക്, ഡെയിംലര്‍ മൊബിലിറ്റി ഡിവിഷനുകളിലുള്ള ജീവനക്കാര്‍ക്ക് പണം ലഭിക്കും. ഇതിനായി 200 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നും ഡിസംബറിലെ ശമ്പളത്തിന്റെ ഭാഗമായി പണം നല്‍കുമെന്നാണ് സൂചന.