ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ദേശീയ ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഇടപെടാറുണ്ടെന്ന ആരോപണം നിഷേധിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇന്റര്‍ മിലാനില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൗറോ ഇക്കാര്‍ഡിക്ക് ദേശീയ ടീമില്‍ അവസരം ലഭിക്കാത്തത് മെസ്സിയുടെ സ്വാധീനം കാരണമാണെന്ന റിപ്പോര്‍ട്ടുകള്‍ അവാസ്തവമാണെന്നും, തന്റെ സുഹൃത്തുക്കളായതു കൊണ്ടു മാത്രമാണ് എല്ലാവരും ദേശീയ ടീമില്‍ കളിക്കുന്നത് എന്ന ആരോപണം കളിക്കാരെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ബാര്‍സ താരം പറഞ്ഞു.

മെസ്സിയുടെ സുഹൃത്ത് മാക്‌സി ലോപസിന്റെ മുന്‍ ഭാര്യയെയാണ് മൗറോ ഇക്കാര്‍ഡി വിവാഹം ചെയ്തിരിക്കുന്നത്. ഇക്കാരണം കൊണ്ട്, ഇക്കാര്‍ഡിയുടെ ദേശീയ ടീം പ്രവേശനം മെസ്സി തടയുന്നു എന്ന് ചില മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. 2013 മുതല്‍ ഹോര്‍ഹെ സാംപോളി കോച്ചായി ചുമതലയേല്‍ക്കുന്നതു വരെ ഇക്കാര്‍ഡിക്ക് അര്‍ജന്റീനാ കുപ്പായത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ആരോപണം ശ്രദ്ധയില്‍പ്പെട്ടെന്നും അത് നുണയാണെന്നും മെസ്സി പറഞ്ഞു: ‘ഇക്കാര്‍ഡി ദേശീയ ടീമിലെത്തരുതെന്ന് ഞാന്‍ വാശിപിടിച്ചുവെന്ന വാര്‍ത്ത ഞാനും കേട്ടു. ടീമിലേക്ക് ഏതെങ്കിലും താരം വരണമെന്നോ വരാതിരിക്കണമെന്നോ തീരുമാനിക്കുന്നത് ഞാനല്ല. ഇക്കാര്‍ഡിയെ പറ്റി പറഞ്ഞതെല്ലാം നുണയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഇക്കാര്‍ഡി എന്നല്ല, ഒരു കളിക്കാരനും ടീമിലെത്തരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.’ – അര്‍ജന്റീനയിലെ ടൈക് സ്‌പോര്‍ട്‌സ് ചാനലിനോട് സൂപ്പര്‍ താരം പറഞ്ഞു.