കുണ്ടറ; വീട്ടില്‍നിന്നു കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കായലില്‍ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തില്‍ സിജുവിന്റെ ഭാര്യ രാഖി (22), മകന്‍ ആദി (3) എന്നിവരാണു മരിച്ചത്. 4 വര്‍ഷം മുന്‍പായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. വെള്ളിമണ്‍ കയര്‍സംഘക്കടവിനു സമീപത്തെ കായലിലണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇടവട്ടം പൂജപ്പുരയിലെ വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഞായറാഴ്ച വൈകിട്ടു നാലോടെ രാഖി മകനെയും കൂട്ടി പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. അഞ്ചോടെ ഇരുവരും കായല്‍വാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു.

രാത്രി വൈകിയും വെള്ളിമണ്‍ പാലക്കടവ് കായല്‍വാരത്തെ രാഖിയുടെ വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന് പിതാവ് യശോധരന്‍പിള്ള കുണ്ടറ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ കായല്‍വാരത്തു ചെരിപ്പുകള്‍ കണ്ടതോടെ പരിസരവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കുണ്ടറയില്‍ നിന്നു പൊലീസും അഗ്‌നിരക്ഷാസേനയും സ്‌കൂബ ടീമും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. 9.30ന് രാഖിയുടെയും രണ്ടു മണിക്ക് ആദിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷം ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലാണ്. കുണ്ടറ പൊലീസ് കേസെടുത്തു.