മകന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടതിന് ഒരമ്മയും പത്തോളം ബന്ധുക്കളും നടുറോഡിലിട്ട് ചവിട്ടേല്‍ക്കേണ്ടിവരിക. പരിക്കേറ്റ് മെഡിക്കല്‍കോളജ് ആസ്പത്രിയിലാകുക. ഏതെങ്കിലും അധോലോകത്തല്ല ഇത് സംഭവിച്ചത്. തിരുവനന്തപുരത്തെ അധികാരികളുടെ മൂക്കിനു മുന്നില്‍ നടന്ന, കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവം സംസ്ഥാനത്തെ പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനത്തിലാണെന്നത് തികച്ചും ചിന്തോദ്ദീപകമാണ്. നൊന്തുപെറ്റ ഒരു മാതാവിന്റെ തപിക്കുന്ന ഹൃദയവുമായാണ് കോഴിക്കോട് വളയത്തെ മഹിജ കഴിഞ്ഞ മൂന്നു മാസവും വീട്ടിനകത്ത് ദിനരാത്രങ്ങള്‍ തള്ളിനീക്കിയത്. ഇതിനകം അവരുടെ ഈറന്‍ നയനങ്ങള്‍ കണ്ട് വേദനിക്കാത്ത മലയാളിയില്ല. എന്നാല്‍ ആ മരണം കൊലപാതകമെന്നതിലേക്കുള്ള നിരവധി സാഹചര്യത്തെളിവുകള്‍ പുറത്തുവന്നിട്ടും കേരളത്തിലെ പുകള്‍പെറ്റ പൊലീസ് പ്രതികളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കുന്നതിന് തയ്യാറായില്ലെന്നുമാത്രമല്ല, വാദികളെ പരസ്യമായി മര്‍ദിച്ച് ആസ്പത്രിയിലുമാക്കിയിരിക്കുന്നു. ഭിക്ഷയാചിച്ചുവന്നയാളെ പട്ടിയെവിട്ട് കടിപ്പിക്കുക എന്നു കേട്ടിട്ടേയുള്ളൂ.
കഴിഞ്ഞ ജനുവരി ആറിനാണ് തൃശൂര്‍ പാമ്പാടി നെഹ്‌റുഎഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ജിഷ്ണുപ്രണോയ് കോപ്പിയടി പിടികൂടിയതിന് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌തെന്ന ദു:ഖ വാര്‍ത്ത ആ കുടുംബവും കേരളവും കേള്‍ക്കുന്നത്. മരണത്തിന് കാരണം കോളജ് മാനേജ്‌മെന്റാണെന്ന വാദവുമായി അന്നുതന്നെ വന്‍ പ്രതിഷേധങ്ങളോടെ കോളജ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്തുവന്നു. രണ്ടാഴ്ചക്കുശേഷം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചതല്ലാതെ പ്രതികളെ പിടികൂടുന്നതിന് തയ്യാറായില്ല. ലോക്കല്‍ പൊലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഒന്നാം പ്രതിയായി കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെയും വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പ്രവീണ്‍, സഞ്ജിത്, വിപിന്‍ എന്നിവരെയുമാണ് പ്രതി ചേര്‍ത്തത്. ക്രിമിനല്‍ ഗൂഢാലോചന, പീഡനം, ആത്മഹത്യാപ്രേരണ എന്നിവയാണ് കുറ്റങ്ങള്‍. അന്വേഷണത്തിനിടയില്‍ ജിഷ്ണുവിന്റേതെന്നു കരുതുന്ന രക്തം കോളജിലെ മുറിയില്‍ നിന്നുകിട്ടി. യുവാവിന്റെ മുഖത്തും മറ്റും മുറിവുകളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. പ്രതി കൃഷ്ണദാസിന് ഉന്നതങ്ങളില്‍ പിടിപാടുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന ആരോപണത്തിനിടയില്‍ അദ്ദേഹം ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. എന്നാല്‍ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മൂന്നു മാസമായിട്ടും പൊലീസ് കൂട്ടാക്കിയില്ല. സഹികെട്ട് തിരുവനന്തപുരത്ത് സത്യഗ്രഹം നടത്തുമെന്ന് രണ്ടു തവണ മാതാവ് മഹിജ മുന്നറിയിപ്പ് നല്‍കിയിട്ടും അനക്കമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവിയെയും മഹിജയും ബന്ധുക്കളും കണ്ടെങ്കിലും അറസ്റ്റും വസ്തുകണ്ടുകെട്ടലും ഉടനുണ്ടാകുമെന്ന് അറിയിപ്പാണ് ഉണ്ടായത്. അഞ്ചു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ഡി.ജി.പിയുടെ ഓഫീസിനു മുന്നില്‍ സത്യഗ്രഹം ഇരിക്കുമെന്ന് ബന്ധുക്കള്‍ പ്രഖ്യാപിച്ചത് ഒടുവില്‍ കഴിഞ്ഞമാസം 26നായിരുന്നു. എന്നിട്ടും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ആലസ്യം തുടര്‍ന്നതാണ് ഇന്നലെ ബന്ധുക്കളുടെ സത്യഗ്രഹസമരത്തിന് തിരുവന്തപുരത്ത് ചെല്ലാന്‍ അവര്‍ നിര്‍ബന്ധിതമായത്. ഇതിന്റെ തലേന്ന് ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനില്‍ കൃഷ്ണദാസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു എന്നു വരുത്തിയത് വലിയ നാടകമായി.
ഡി.ജി.പി ഓഫീസ് പ്രത്യേക സുരക്ഷിത മേഖലയായിരിക്കാം. എന്നാല്‍ മുമ്പും അവിടെ സി.പി.എം അടക്കം സമരം ചെയ്തിട്ടുണ്ട്. അവിടെ സമരത്തിനെത്തിയവര്‍ നിസ്സാരമായ ആവശ്യം ഉന്നയിക്കുകയായിരുന്നില്ല. എന്നാല്‍ നൂറു മീറ്ററകലെ വെച്ചുതന്നെ മഹിജയെയും 13 ബന്ധുക്കളെയും പൊലീസ് തടയുകയും ബലംപ്രയോഗിച്ച് മാറ്റുകയുമായിരുന്നു. ഇതിനിടെ സ്ത്രീകളെയടക്കം മര്‍ദിക്കാനും പൊലീസ് തയ്യാറായി. മഹിജയുടെ തലക്കും വയറിനും സഹോദരന്‍ ശ്രീജിത്തിന്റെ കഴുത്തിനും ഇടുപ്പിനും പരിക്കേറ്റു. മ്യൂസിയം സി.ഐ ആണ് തങ്ങളെ മര്‍ദിച്ചതെന്നാണ് ഇവര്‍ പറയുന്നത്. മറ്റുള്ളവര്‍ സമരത്തില്‍ കടന്നുകയറിയെങ്കില്‍ അതിന് സമരക്കാരെ മര്‍ദിച്ചതെന്തിനായിരുന്നു.
തന്റെ ഓഫീസിന് മുന്നില്‍ നിരാഹരത്തിനെത്തിയവരെ കണ്ട് സംസാരിക്കുക എന്ന സാമാന്യ മര്യാദ പോലും ഡി.ജി.പി ലോക്‌നാഥ് ബെഹ്്‌റ സ്വീകരിച്ചില്ലെന്നത് ഖേദകരമാണ്. പൊലീസ് ആസ്ഥാനത്തെ സമരക്കാരെ അനുനയിപ്പിച്ച് ചര്‍ച്ചക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിനാകുമായിരുന്നു. പകരം സി.ഐമാരും എസ്.ഐമാരുമടങ്ങുന്ന സംഘം, പ്രകടനമോ മുദ്രാവാക്യമോ കൊടിയോ ബാനറുകളോ ആയുധങ്ങളോ ഒന്നുമില്ലാതെ തികച്ചും ഗാന്ധിയന്‍ മാതൃകയില്‍ നടത്താനിരുന്ന സത്യഗ്രഹസമരത്തെ നേരിട്ടത് അക്രമികളായ സമരക്കാരെ നേരിടുന്നതു പോലെയായിരുന്നു. റോഡില്‍ വീണ മഹിജയെ വലിച്ചിഴക്കുന്ന കാഴ്ച സങ്കടകരം തന്നെ. ഇതിനുശേഷം പേരൂര്‍ക്കടയിലെ ജില്ലാ ആസ്പത്രിയിലെത്തിച്ച സമരക്കാരെ കാണാനെത്തിയ ഐ.ജി മനോജ് എബ്രഹാമിന്റെ ഭാവപ്രകടനം പൊലീസിന്റെ അജണ്ട അനാവൃതമാക്കി. ഒരു സര്‍ക്കാരും ആഭ്യന്തര വകുപ്പു മന്ത്രിയുമുള്ള നാട്ടില്‍ ഇങ്ങനെ വഷളത്തരമായി പെരുമാറാന്‍ പൊലീസ് മേധാവികള്‍ക്ക് എങ്ങനെ കഴിഞ്ഞു. ഇതിനൊക്കെ ഉത്തരവു കൊടുക്കുകയായിരുന്നു മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തിന്റെ വിശദീകരണം വ്യക്തമാക്കുന്നു. കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്.
ഇതേ പിണറായി വിജയനുവേണ്ടി ഫോട്ടോ പതിച്ചും മുദ്രാവാക്യം വിളിച്ചും ജാഥ നടത്തിയ വ്യക്തികളാണ് ജിഷ്ണുവും കുടുംബവും. കോളജ് മാനേജ്‌മെന്റിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐക്കാരന്‍ കൂടിയായിരുന്നു ജിഷ്ണു. എന്നാല്‍ പ്രതി കൃഷ്ണദാസിന് കൊടുത്ത പരിഗണന പോലും ആ അമ്മയോട് സര്‍ക്കാര്‍ കാട്ടാതിരുന്നത് തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായി. പ്രതിക്ക് കോടതിയുടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെന്നതാണ് പൊലീസിന്റെ ന്യായമെങ്കില്‍ ലഭ്യമായ തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചതെന്തിന്. ഇതേ കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ പോലും അറസ്റ്റുണ്ടായപ്പോള്‍ ആത്മഹത്യാപ്രേരണക്കേസില്‍ എന്തിനാണ് സര്‍ക്കാര്‍ മടികാട്ടിയത്. മറ്റു പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്തിനാണ്. തങ്ങള്‍ക്കു വോട്ടു ചെയ്തവരുടെ കൂടി നിലയിതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യമെന്തായിരിക്കും. പൊലീസിനെ മര്‍ദനോപാധിയെന്ന് വിലയിരുത്തിയ സി.പി.എം അധികാരത്തിലിരിക്കുമ്പോള്‍ അതിനെ അതിസമര്‍ഥമായി ഉപയോഗിക്കുകയാണോ. അതിലുള്ള സമാധാനപരമായ പ്രതിഷേധമാകട്ടെ ഇന്നത്തെ ഹര്‍ത്താല്‍.