തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീനില്‍ സംസ്ഥാനത്തുടനീളം പിഴഈടാക്കാന്‍തുടങ്ങിയിട്ടും നിയമലംഘനം തുടര്‍ന്ന് മന്ത്രിമാര്‍. മന്ത്രിമാരുടെ വാഹനങ്ങളില്‍ വിന്‍ഡോ കര്‍ട്ടനുകളും കറുത്ത ഫിലിമും നീക്കം ചെയ്തില്ല. ഇന്നലെ നിയമസഭയിലെത്തിയ മന്ത്രിമാരുടെ വാഹനങ്ങളില്‍ പലതിലും കര്‍ട്ടനുണ്ടായിരുന്നു. സംഭവം വിവാദമായതോടെ മോട്ടോര്‍ വാഹനവകുപ്പ് ടൂറിസം വകുപ്പിന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി.
നിലവില്‍ സെഡ് കാറ്റഗറി വ്യക്തികള്‍ക്ക മാത്രമാണ് സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകള്‍ നിയമപ്രകാരം മറയ്ക്കാന്‍ അനുവാദമുള്ളൂ. കേരളത്തില്‍ മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കും മാത്രമാണ് ഇളവുണ്ടാകുക. പൊലീസ് ഉന്നത ഉദ്യോഗസ്ഥരും എംഎല്‍എമാരുമടക്കം കര്‍ട്ടനിട്ട് മറച്ച വാഹനങ്ങളുമായാണ് സഞ്ചരിക്കുന്നത്. ഇവരോടെല്ലാം കര്‍ട്ടന്‍മാറ്റാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ സ്‌ക്രീന്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കും.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ഇ ചെലാന്‍വഴിയാണ് പിഴഈടാക്കുക. 1250രൂപയാണ് പിഴതുക. വീണ്ടും കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് പ്രവേശിക്കും. ജനങ്ങള്‍ക്കിടയില്‍ പരിശോധനയും പിഴഈടാക്കലും തുടരുമ്പോഴും ഉദ്യോഗസ്ഥരും മന്ത്രിമാരുമെല്ലാം നിയമലംഘനം തുടരുന്നത് വ്യാപകപ്രതിഷേധത്തിനിടയാക്കുന്നുണ്ട്.