കൂളിവയല്‍: രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ പ്രതിരോധിക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്ന് വയനാട് നടക്കുന്ന എം.എസ്.എഫ്. ദേശീയ നേതൃ ക്യാമ്പ് അഭിപ്രായപ്പെട്ടു. പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭരണഘടന ഉറപ്പ് നല്‍കിയ അവകാശത്തെ തകര്‍ക്കുകയാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഉദ്യോഗ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമായിരുന്ന അവസരം കവര്‍ന്നെടുക്കുന്നതിലൂടെ ഭരണഘടന വിഭാവനം ചെയ്ത സാമൂഹ്യ നീതി അട്ടിമറിക്കപ്പെടുകയാണ്. ഇതിനെതിരെ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലും ക്യാമ്പസ്സുകളിലും ദളിത് പിന്നോക്ക വിദ്യാര്‍ത്ഥി സംഘടനകളെയും സമാനമനസ്‌കരേയും അണിനിരത്തി യോജിച്ച മുന്നേറ്റത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നിയമനത്തിന് മാനദണ്ഡമാക്കിയിരുന്ന 200 പോയിന്റ് റോസ്റ്റര്‍ സംവിധാനത്തിന് പകരം 13 പോയിന്റ് റോസ്റ്റര്‍ മാനദണ്ഡം നടപ്പിലാക്കുന്നത് വഴി സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണെന്നും നേതൃ ക്യാമ്പ് അഭിപ്രായപ്പെട്ടു. 200 പോയിന്റ് റോസ്റ്റര്‍ മാനദണ്ഡമാക്കുമ്പോള്‍ വിദ്യഭ്യാസ സ്ഥാപനത്തെ ഒരു യൂണിറ്റായി പരിഗണിക്കുമ്പോള്‍ 13 പോയിന്റ് റോസ്റ്ററില്‍ ഡിപ്പാര്‍ട്‌മെന്റുകളെയാണ് ഒരു യൂണിറ്റായി പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ സംവരണം നടപ്പിലാക്കുക അപ്രായോഗികമായി തീരും. ഭരണഘടന വിഭാവനം ചെയ്ത സംവരണം ഉറപ്പ് വരുത്തുന്നതിന് കേന്ദ്ര ഗവണ്മെന്റ് അടിയന്തിരമായി ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് എംഎസ്എഫ് ദേശീയ നേതൃ ക്യാമ്പ് ആവശ്യപ്പെട്ടു. ക്യാമ്പിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എംപി നിര്‍വ്വഹിച്ചു. എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം, എം.എസ്.എഫ് ദേശീയ ഭാരവാഹികളായ എസ്.എച്ച്. മുഹമ്മദ് അര്‍ഷാദ്, ഇ ഷമീര്‍, അഡ്വ, എന്‍ എ കരീം, പി.വി അഹമ്മദ് സാജു, അതീബ്ഖാന്‍, അല്‍ അമീന്‍, അഡ്വ. ഫാത്തിമ തഹ്ലിയ, സിറാജുദ്ധീന്‍ നദ്വി, എം.എസ്.എഫ് കേരള സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഇസ്മായില്‍, ഷിബു മീരാന്‍, പി.കെ അസ്മത്ത്, അസീസ് കളത്തൂര്‍, സി.എച്ച് ഫസല്‍, റിയാസ് നാലകത്ത്, മന്‍സൂര്‍ ഹുദവി, ഫൈസാന്‍ ചെന്നൈ, വിവിധ സംസ്ഥാന പ്രസിഡന്റുമാരായ ഖൈസര്‍ അബ്ബാസ് (ഉത്തര്‍പ്രദേശ്), നൂറുദ്ധീന്‍ മൊല്ല (പശ്ചിമ ബംഗാള്‍), എം അന്‍സാരി (തമിഴ്‌നാട് ), ഇമ്രാന്‍ ആലം (ബീഹാര്‍), അഡ്വ.അബ്ദുല്‍ ജലീല്‍ (കര്‍ണാടക), ജാവേദ് അക്രം (പഞ്ചാബ്), തൗസീഫ് ഹുസൈന്‍ റാസ (ആസാം), ഷഹബാസ് ഹുസൈന്‍ (ജാര്‍ഖണ്ഡ് )എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ എംസി വടകര, റാഷിദ് ഗസ്സാലി, ശറഫുദ്ധീന്‍ ഹുദവി (ദാറുല്‍ ഹുദ പൂങ്കനൂര്‍ ക്യാമ്പസ്), ഇഗ്‌നോ സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ബഷീര്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. വ്യത്യസ്ത സെഷനുകളില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ പടയന്‍ മുഹമ്മദ്, യഹ്യാഖാന്‍ തലക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Be the first to write a comment.