main stories

കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

By ചന്ദ്രിക വെബ് ഡെസ്‌ക്‌

April 07, 2021

കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊന്നു. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.

സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് മന്‍സൂറിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്നം.

രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.