ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ബില്ലിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസയച്ചത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കൊണ്ടുള്ള നിയമം കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പാസായിരുന്നു. മുത്തലാഖ് നടപ്പാക്കുന്നയാളെ മൂന്നു വര്‍ഷം വരെ തടവിനു ശിക്ഷിക്കാവുന്ന വിധത്തിലാണ് പുതിയ നിയമം. ഇതു ഭരണഘടനയിലെ നിര്‍ദേശങ്ങള്‍ക്കെതിരാണെന്ന വാദമുയര്‍ത്തിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അതിനാല്‍ നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.