മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി തേടിയ കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദിനെ ഭരണഘടനാപരവും സഭാനടപടി ചട്ടങ്ങളിലെ അനൗചിത്യങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തെങ്കിലും സ്പീക്കര്‍ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട വോട്ടെടുപ്പില്‍ 74നെതിരെ 186 അംഗങ്ങള്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു.

പുതുതായി അധികാരമേറ്റതിനു ശേഷം മുത്തലാഖ് ബില്‍ തന്നെയാണ് ആദ്യമായി സര്‍ക്കാര്‍ സഭയില്‍ കൊണ്ടുവന്നത്. മുസ്ലിം സമൂഹത്തെ മാത്രമായി ഉന്നംവെച്ച് പാര്‍ലമെന്റിന് ഇത്തരമൊരു നിയമം നിര്‍മ്മിക്കാനുള്ള അധികാരമില്ലെന്നും വിവാഹശേഷം സ്ത്രീകളെ വഴിയാധാരമാക്കുന്ന എല്ലാ സമൂഹങ്ങള്‍ക്കും ബാധകമായ രീതിയില്‍ വിശാലമായ നിയമം നിര്‍മ്മിക്കണമെന്നും കോണ്‍ഗ്രസിനു വേണ്ടി ബില്‍ അവതരണത്തെ എതിര്‍ത്ത ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ സിവില്‍ നിയമങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മുസ്ലിംകള്‍ക്കു മാത്രമായി കേന്ദ്രസര്‍ക്കാര്‍ ക്രിമിനല്‍വല്‍ക്കരിക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മതപരമായ നിയമനിര്‍മ്മാണമല്ല സ്ത്രീകള്‍ക്ക് നീതി ഉറപ്പു വരുത്താനുള്ള നീക്കം മാത്രമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി. വിവാഹ മോചന വിഷയത്തില്‍ മതപരമായ ഇരട്ടത്താപ്പ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും തുടരുകയാണെന്നാണ് ബില്‍ വ്യക്തമാക്കുന്നത്.