മലപ്പുറം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്. യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

സ്വര്‍ണക്കടത്തിലേക്ക് ആദ്യമായി ഖുര്‍ആനെ വലിച്ചിട്ടത് ജലീലാണ്. ഇത് മറച്ചുവെക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയേയും കെ.എം ഷാജിയേയും കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ സ്വര്‍ണ ഖുര്‍ആന്‍ എന്ന് പറഞ്ഞ് ആദ്യമായി ഖുര്‍ആനെ വിവാദത്തിലാക്കിയത് ജലീലാണെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.

യുഡിഎഫിന് ബിജെപിയുമായി ബന്ധമുണ്ട് എന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ ബിജെപിയുമായി ആര്‍ക്കാണ് ബന്ധമെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട്. സ്വപ്‌ന സുരേഷുമായി ബന്ധമുണ്ട് എന്ന് വ്യക്തമായിട്ടും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നത് ഈ ബന്ധത്തിന്റെ തെളിവാണ്. സിപിഎം-ബിജെപി നേതാക്കള്‍ തമ്മിലാണ് രഹസ്യബന്ധമുള്ളതെന്നും ഫിറോസ് ആരോപിച്ചു.