നാഗ്പൂര്‍: വിരുന്നിന് വിളിച്ചതിന്‌ശേഷം മുട്ടക്കറി വെച്ചു നല്‍കാത്തതിന് സുഹൃത്തിനെ അടിച്ചുകൊന്നു. നാഗ്പൂരിലെ മങ്കാപുരിയിലായിരുന്നു സംഭവം. ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സൃഹൃത്ത് ഗൗരവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെയാണ് ഒരു ഗ്യാരേജിന് സമീപം ബനാറസിയുടെ മൃതദേഹം കണ്ടെത്തിയത്. വെളളിയാഴ്ച രാത്രിയാണ് സൃഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.

ബനാറസി തന്നെയാണ് വെള്ളിയാഴ്ച രാത്രി ഗൗരവിനെ അത്താഴ വിരുന്നിന് ക്ഷണിച്ചത്. രാത്രി ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കാനൊരുങ്ങവെയാണ് മുട്ടക്കറി പാകം ചെയ്തിട്ടില്ലെന്ന് ബനാറസി പറഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും വലിയ വടി കൊണ്ട് ഗൗരവ് സുഹൃത്തിനെ അടിച്ചുകൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെന്നും പൊലീസ് പറഞ്ഞു.