കോട്ടയം: കെവിന്‍ കൊല്ലപ്പെട്ടതോടെ നീനുവിനെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി പിതാവ് രംഗത്ത്. നീനുവും കെവിനുമായി സാധുതയുള്ള വിവാഹം നടന്നിട്ടില്ല. ഇതനുസരിച്ച് നീനു ഇപ്പോള്‍ അന്യവീട്ടിലാണു താമസിക്കുന്നതെന്നും പിതാവ് ജയിലിലായതിനാല്‍ നീനുവിന്റെ സംരക്ഷണം കണക്കാക്കണമെന്നും പിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

പിതാവ് ജയിലില്‍ ആയതിനാല്‍ നീനുവിനെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലാക്കണമെന്നാണ് വാദം. നീനുവിന്റെ രക്ഷിതാവ് നിയമപരമായി ചാക്കോ ആണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കെവിന്റെ വീട്ടിലാണ് നിലവില്‍ നീനു താമസിക്കുന്നത്. നീനുവിന് ചികില്‍ത്സ ആവശ്യമുണ്ടെങ്കില്‍ ഉറപ്പാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ചാക്കോയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി, വാദം കേള്‍ക്കാനായി മാറ്റിവച്ചു. കെവിന്‍ വധക്കേസില്‍ പ്രതികളായ ചാക്കോയെയും സാനുവിനെയും ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നീനുവിനെ വിട്ടുകിട്ടണമെന്ന് പിതാവ് ചാക്കോക്കു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പരാതി നല്‍കി.